കൊച്ചി : കേരളം കണ്ട ഏറ്റവും വലിയ അഴിമതി നിർമ്മാണമായ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയാൻ സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കോടികൾ ചിലവഴിച്ച് രണ്ടു വർഷംകൊണ്ടു നിർമാണം പൂർത്തിയാക്കി, കൊട്ടിഘോഷിച്ച് ഗതാഗതത്തിനു തുറന്ന്, രണ്ടരവർഷത്തിനുള്ളിൽ അടയ്‌ക്കേണ്ടിവന്ന മേൽപ്പാലമായിരുന്നു പാലാരിവട്ടത്തേത് . പഞ്ചവടിപ്പാലം സിനിമയ്ക്ക് സമാനമായ ഈ നിർമ്മിതിക്കായി 39 കോടിരൂപയാണ് സർക്കാർ ചിലവാക്കിയത്. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇത്. പാലത്തിന് ബലക്ഷയമുണ്ടെന്ന് മനസിലാക്കിയ ഉടനെ അടച്ചിട്ട് അടിയന്തരമായി അറ്റകുറ്റപണികൾ ചെയ്യുകയായിരുന്നു. എന്നാൽ ഇതിനൊന്നും പാലത്തിന്റെ ബലക്ഷയം പരിഹരിക്കാനായില്ല. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ടും നിർണായകമായിരുന്നു. ഒരു തരത്തിലുള്ള അറ്റകുറ്റപണികളും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ വ്യക്തമാക്കിയിരുന്നു.
ദേശീയപാത അതോറിറ്റി നിർമിച്ചാൽ ടോൾ ഈടാക്കുമെന്നു ചൂണ്ടിക്കാട്ടി ഇതൊഴിവാക്കാനായിരുന്നു ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ നിർമാണം സംസ്ഥാനം ഏറ്റെടുത്തത്. മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. സൂരജിനൊപ്പം സുമിത് ഗോയൽ, ബെന്നി പോൾ, എം.ടി. തങ്കച്ചൻ എന്നിവരും അറസ്റ്റിലായി.
നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡിയാണ് സുമിത് ഗോയൽ. കിറ്റ്‌കോ മുൻ എംഡിയാണ് ബെന്നി പോൾ. ആർ.ബി.ഡി.സി.കെ മുൻ അഡീഷനൽ മാനേജരാണ് എം.ടി.തങ്കച്ചൻ. പാലം നിർമിച്ച ആർ.ഡി.എസ് പ്രോജക്ട്സ് മാനേജിംഗ് ഡയറക്ടർ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി.
സംസ്ഥാന സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് പാലത്തിൽ ബലപരീക്ഷണം നടത്തിയ ശേഷം പൊളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണമെന്ന അപേക്ഷയുമായി നിർമ്മാണ കമ്പനി കോടതിയെ സമീപിച്ചത്. പാലത്തിൽ ഭാര പരിശോധന നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ സർക്കാർ അപ്പീലിൽ കഴിഞ്ഞ ദിവസം പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി.
ഇ ശ്രീധരന് ഈഗോയോ ?
ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലും പാലം പൊളിച്ച് പണിയാൻ അനുമതി നൽകണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷയുമാണ് സുപ്രീം കോടതി പരിഗണിച്ചത്. സർക്കാർ വാദത്തെ മറികടക്കാൻ നിർമ്മാതാക്കളായ ആർ.ഡി.എസ് പ്രോജക്ടസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി എടുത്ത് പ്രയോഗിച്ചത് വിദഗ്ദ്ധ സമിതിയിലെ അംഗമായ ഇ ശ്രീധരന് കമ്പനിയോടുള്ള ഈഗോ ആണ് സർക്കാർ തീരുമാനത്തിന് പിന്നിലെന്നാണ്. കൺസൽട്ടന്റായ കിറ്റ്‌കോയ്ക്ക് വേണ്ടി ഹാജരായ ഗോപാൽ ശങ്കരനാരായണൻ ഈ വാദത്തെ പിന്താങ്ങുകയും ചെയ്തു. എന്നാൽ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭ എൻജിനിയറായ ശ്രീധരനെതിരെയുള്ള പരാമർശങ്ങൾ പ്രതിഷേധാർഹമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ പറഞ്ഞു.
ഭാരപരിശോധന നടത്താൻ കഴിയാത്തവിധം പാലം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ച സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവിനെ വിമർശിക്കുകയും ചെയ്തു. സ്ട്രക്ച്ചറൽ എൻജിനീയർമാർ ഉൾപ്പെട്ട വിദഗ്ദ്ധരാണ് പാലം അപകടാവസ്ഥയിലാണെന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. നിരവധി ജീവനുകളുടെ കാര്യമാണ്. ജനതാത്പര്യവും സുരക്ഷയും മുൻനിറുത്തി പാലം പണിയുമായി സർക്കാരിന് മുന്നോട്ടു പോകാം കോടതി പറഞ്ഞു. പാലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹർജികൾ ആറുമാസത്തിനകം തീർപ്പാക്കണം. അതേസമയം പാലം അഴിമതി വിഷയത്തിലേക്ക് സുപ്രീം കോടതി കടന്നില്ല.
പുതിയ പാലത്തിന് 100 വർഷം ആയുസ്
ഐ.ഐ.ടി ചെന്നൈ, ഇ. ശ്രീധരൻ എന്നിവരുടെ നിർദ്ദേശം പരിഗണിച്ച് രൂപകല്പന ചെയ്യുന്ന പുതിയ പാലം 100 വർഷം ഉപയോഗിക്കാനാവുമെന്ന് അറ്റോണി ജനറൽ ബോധിപ്പിച്ചു. 18 കോടി ചെലവാകും. തകർന്ന പാലത്തിൽ അറ്റകുറ്റപ്പണി നടത്താൻ എട്ട് കോടി വേണ്ടിവരുമെന്നും 20 കൊല്ലത്തിനപ്പുറം ആയുസുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി.