തിരുവനന്തപുരം: യു.എ.ഇ സർക്കാരിന് കീഴിലുള്ള റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തിൽ പ്രളയബാധിതർക്ക് ഭവനനിർമ്മാണത്തിനായി വടക്കാഞ്ചേരിയിൽ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ തീരുമാനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്ത്. ലൈഫിൽ വിദേശ സഹായം സ്വീകരിച്ചതടക്കമുള്ള എല്ലാ വിദേശസഹായ നിയന്ത്രണ നിയമ (എഫ്.ആസി.ആർ.എ) ലംഘനങ്ങളും സി.ബി.ഐ അന്വേഷിച്ചേക്കുമെന്ന സൂചനകൾ വന്നതിന് പിന്നാലെയുള്ള സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള തീരുമാനത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. സി.ബി.ഐ കൊച്ചി യൂണിറ്റ് ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തിന് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഇതുസംബന്ധിച്ച് എൻഫോഴ്സ്‌മെന്റ്, കസ്റ്റംസ്, എൻ.ഐ.എ എന്നിവരിൽ നിന്ന് സി.ബി.ഐ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കേന്ദ്രപദ്ധതിയിൽ 4.25 കോടിയുടെ കമ്മിഷൻ തട്ടിയതിനെ കുറിച്ചാണ് വിജിലൻസ് അന്വേഷിക്കുന്നത്.
ലൈഫ് പദ്ധതിക്കായുള്ള 20 കോടിയിൽ നിന്ന് 4.25 കോടിയാണ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നയും സംഘവും അടിച്ചുമാറ്റിയത്. കമ്മിഷനിലെ ആദ്യ ഗഡുവായ 3.20 കോടി പൂർണമായും സ്വപ്‌ന അടിച്ചെടുത്തു. രണ്ടാം ഗഡുവിൽ നിന്നാണ് സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 75ലക്ഷം രൂപ മാറ്റിയത്. ലൈഫ് പദ്ധതിയിൽ106 വീടുകൾ നിർമ്മിക്കാനുള്ള പണമാണ് കോഴയായി തട്ടിയത്.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. മുഖം രക്ഷിക്കാനുള്ള നീക്കമാണ് വിജലൻസ് അന്വേഷണമെന്ന് അനിൽ അക്കര എം.എൽ.എ പറഞ്ഞു. ക്രമക്കേടിനെ കുറിച്ച് സി.ബി.ഐ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം നീതിപൂർവമാകില്ലെന്നും അനിൽ പറഞ്ഞു. മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരാറിലെ കോഴക്കുരുക്ക്
20 കോടിയുടെ വിദേശസഹായം രാജ്യത്ത് എത്തിക്കാൻ മാത്രമായിരുന്നു ലൈഫ് മിഷനും റെഡ് ക്രസന്റുമായി ധാരണാപത്രം. വിദേശസഹായത്തോടെയുള്ള പദ്ധതികളിൽ 50% തുക ഭരണച്ചെലവിന് ഉപയോഗിക്കാം. വടക്കാഞ്ചേരി പദ്ധതിക്ക് കേന്ദ്രാനുമതി നേടിയിട്ടില്ലെങ്കിലും, ഈ പഴുത് മുതലെടുക്കാനാണ് കോൺസുൽ ജനറലിന്റെ പേരിൽ നിർമ്മാണ കരാറുണ്ടാക്കിയത്.
അന്വേഷണപരിധിയിൽ ഇവ
വടക്കാഞ്ചേരിയിലെ ചരിവുള്ള ഭൂമി ഫ്ലാറ്റ് നിർമ്മാണത്തിന് അനുയോജ്യമല്ലെന്നും നിർമ്മാണത്തിന് ഗുണനിലവാരമില്ലെന്നുമുള്ള ആരോപണം.
വിദേശനാണ്യ വിനിമയത്തിനുള്ള കേന്ദ്രചട്ടങ്ങളഉം നടപടിക്രമങ്ങളും ലംഘിച്ച് ശിവശങ്കർ ക്രമക്കേട് കാട്ടിയെന്ന പരാതി
റെഡ്ക്രസന്റിന്റെ ധാരണാപത്രത്തിലെ അറബി ഭാഗം അറബിക് അദ്ധ്യാപകർ സർട്ടിഫൈ ചെയതില്ല
ഗവർണറുടെ പേരിലല്ലാതെ കരാർ ഒപ്പിട്ടതും ഉദ്യോഗസ്ഥ വീഴ്ചകളും