മലയാളത്തിലെ മഹാനടൻ മധുവിനിന്ന് 87ാം പിന്നാൾ. സത്യൻ, നസീർ എന്നിവരിൽ തുടങ്ങി ആസിഫലിവരെയുളള നായകന്മാർക്കൊപ്പവും മധുവിന്റെ ചലച്ചിത്ര യാത്ര ഇപ്പോഴും അഭംഗുരം തുടരുന്നു. മധു മലയാള സിനിമയിലെത്തിയിട്ട് അമ്പത്താറുകൊല്ലം കഴിഞ്ഞു. ഇത്രയും കാലത്തിനിടയിൽ സിനിമ പല മാറ്റങ്ങൾക്കും വിധേയമായി. ഓരോകാലത്തും അദ്ദേഹം തന്റെ സാന്നിദ്ധ്യവും സ്ഥാനവും അടയാളപ്പെടുത്തി. അതാണ് ആ നടന്റെ വിജയവും. താര ജാഡകളൊന്നുമില്ലാതെ ഒരു പച്ചമനുഷ്യനായാണ് അപ്പോഴും എപ്പോഴും നിലകൊളളുന്നത്.
മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമായി.അമ്പത്താറു കൊല്ലം കൊണ്ട് മുന്നൂറിലേറെ ചിത്രങ്ങളിലാണ് വേഷമിട്ടത്. ക്യാമറയ്ക്ക് മുന്നിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മധുവിന്റെ ജീവിതം. നാടകക്കാരൻ,സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, വിതരണക്കാരൻ, സംഘാടകൻ... അങ്ങനെ അദ്ദേഹത്തിന്റെ മേൽവിലാസങ്ങൾ പലതാണ്.
1933 സെപ്തംബർ 23-ന് തിരുവനന്തപുരത്ത് ജനിച്ച പി മാധവൻ നായർ എന്ന മധു മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചത് ജന്മസിദ്ധമായ കഴിവുകൊണ്ട് മാത്രമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു.
പത്രത്തിൽ വന്ന സ്കൂൾ ഒഫ് ഡ്രാമയുടെ ഒരു പരസ്യമാണ് മധുവിനെ സിനിമാ ലോകത്ത് എത്തിച്ചത്. പരസ്യം കണ്ടതോടെ മറ്റൊന്നുമാലോചിക്കാതെ ജോലി രാജിവച്ച് നേരേ ഡൽഹിയിലേക്ക് തിരിച്ചു. 1959 ൽ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായിരുന്നു മധു.
മുപ്പതുവയസിൽ രാമുകാര്യാട്ടിന്റെ മൂടുപടത്തിലാണ് മധു മുഖംകാണിക്കുന്നത്. പക്ഷേ, ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമ്മിച്ച നിണമണിഞ്ഞ കാല്പാടുകൾ ആയിരുന്നു. ഈ ചിത്രത്തിലെ മിന്നും പ്രകടനത്തിലൂടെ സാക്ഷാൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തിനെക്കളേറെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഇതാേടെ അവസരങ്ങൾ മധുവിനെ തേടിയെത്തുകയായിരുന്നു.
തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. മലയാളികൾ മധു എന്ന നടനെ ഹൃദയത്തിലേറ്റിയത് ചെമ്മീനോടെയാണ്. പരീക്കുട്ടി എന്ന കഥാപാത്രത്തിന്റെ പ്രശസ്തിക്കൊപ്പം മധു മുൻനിര നായകനിലേക്കുളള പടവുകൾ ചവിട്ടിക്കയറുകയായിരുന്നു. സത്യനും നസീറും മലയാള സിനിമയിലെ കിരീടംവയ്ക്കാത്ത രാജാക്കന്മായി നിറഞ്ഞുനിന്ന കാലത്തായിരുന്നു ഇതെന്ന് ഓർക്കണം.
ഒരു തനി സാധാരണക്കാരനായിട്ടായിരുന്നു മധുവിന്റെ വരവ്. ആറ് അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കെ.എ.അബ്ബാസ് സംവിധാനം ചെയ്ത 'സാത് ഹിന്ദുസ്ഥാനി'യാണ് അതിൽ പ്രധാനം. അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമാണത്.
കഥാപാത്രങ്ങളുടെ ഗ്ളാമറിലായിരുന്നില്ല മധു ശ്രദ്ധിച്ചിരുന്നത്. മറിച്ച് ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതിയായിരുന്നു പ്രധാനം. 87ാം വയസിലും അഭിനയ രംഗത്ത് പിടിച്ചുനിൽക്കാൻ കഴിയുന്നത് ഇതുമൂലമാണ്. 2004ൽ സംസ്ഥാന സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് 2013-ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. .