സ്വർണക്കടത്ത് കേസിൽ നടി ജ്യോതി കൃഷ്ണയുടെ ഭർത്താവ് അറസ്റ്റിലായെന്ന രീതിയിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി ഇൻസ്റ്റഗ്രാം ലൈവിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ജ്യോതി കൃഷ്ണ. ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിനെതിരെ ദുബായിലെയും നാട്ടിലെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
'രാവിലെ മുതൽ ഫോൺ വിളിയും മെസേജുമായിരുന്നു. യൂട്യൂബ് ലിങ്ക് അയച്ചുതന്ന് ഒരു സുഹൃത്താണ് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനിറ്റ് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്‌തോ എന്ന് ഞാനോർത്തു. നോക്കിയപ്പോൽ ലിവിങ് റൂമിലുണ്ട്.' എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാർത്തകൾ ചെയ്യണ്ടേ.
രാവിലെ മുതൽ കേൾക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭർത്താവ് അരുൺ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി, നടി രാധികയുടെ സഹോദരൻ പിടിയിലായി എന്നൊക്കെയുള്ള പ്രചരണം. സെപ്തംബർ എട്ടിനാണ് സംഭവം. ആ കുടുംബം കഷ്ടപ്പെടുകയാണ് എന്നൊക്കെയായിരുന്നു വാർത്തകൾ. സോഷ്യൽ മീഡിയ എന്നെ കുറേ കാലം നല്ല രീതിയിൽ കൊന്നിട്ടുണ്ട്. എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഞാൻ. ഇപ്പോൾ ഒരു രീതിയിലും ബന്ധമില്ലാത്ത വാർത്തകളാണ് വന്നിരിക്കുന്നത്. ഞങ്ങൾ സന്തോഷമായി ദുബായിലുണ്ട്. ഈ കേസുമായി ഞങ്ങൾക്ക് ബന്ധമില്ല. ദുബായ് പൊലീസിലും നാട്ടിലും കേസ് ഫയൽ ചെയ്തിട്ടുണ്ട്. രാജാ ഗോൾഡ് അരുണിന്റെ കസിന്റെയാണ്. അവരും കേസ് ഫയൽ ചെയ്തിട്ടുണ്ട്. '- നടി പറഞ്ഞു.
ഇതാണ് ആ മനുഷ്യൻ എന്നു പറഞ്ഞ് ലൈവിനിടെ ജ്യോതി കൃഷ്ണ ഭർത്താവ് അരുൺ രാജയെയും പരിചയപ്പെടുത്തി. 'ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ' എന്ന കാപ്ഷനോടെയാണ് നടി ലൈവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2017 നവംബർ 19നാണ് നടി രാധികയുടെ സഹോദരനും ജ്യോതി കൃഷ്ണയും വിവാഹിതയാകുന്നത്.