modi-trump


അതിര്‍ത്തിയില്‍ പ്രകോപനം സൃഷിടിക്കുന്ന ചൈനയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി സൈന്യത്തിന് പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ടത്. എന്നാല്‍ ഇന്ത്യയ്‌ക്കൊപ്പമോ അതിന് മുകളിലോ സൈനിക ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ചൈനയെ വേണ്ടിവന്നാല്‍ കായികമായി നേരിടാം എന്ന ഘട്ടത്തിലേക്ക് ഇന്ത്യ ചിന്തിക്കുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ട് കൂടിയാണ്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും, കിഴക്കന്‍ ഏഷ്യന്‍രാജ്യങ്ങളിലും ചൈനയ്‌ക്കെതിരെ ഉയരുന്ന എതിര്‍പ്പാണ് ഒരു കാരണം. ചൈനയ്‌ക്കെതിരെയുള്ള ഈ വികാരത്തെ അനുകൂലമാക്കുവാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈ പിന്തുണയുടെ നെടുംതൂണ്‍ അമേരിക്കയാണ് എന്നതാണ് ശ്രദ്ധേയം. അമേരിക്കയുമായി ഇന്ത്യയെ അടുപ്പിക്കുന്ന ഒരു ഘടകമായി ചൈനമാറുകയാണ്.

ഇതിനൊപ്പം അമേരിക്കയുടെ ഇടപെടലില്‍ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതും ഗുണം ചെയ്യുന്നത് ഇന്ത്യയ്ക്കാണ്. പരസ്പരം ശത്രുതയിലായിരുന്നു ഇന്ത്യയുടെ രണ്ട് മിത്രങ്ങള്‍ ഒന്നിക്കുന്നത് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ ആയാസരഹിതമാക്കുന്നുണ്ട്. ഇത് കൂടാതെ ഇസ്രായേലിനെ അംഗീകരിക്കാത്തതിനാല്‍ അറബ് ലോകത്തില്‍ പാകിസ്ഥാനുള്ള സ്ഥാനം നഷ്ടമാകുന്നതിനും ചിലപ്പോള്‍ ഇത് വഴിവച്ചേക്കാം. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ വരുന്ന നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ആരാണ് യു.എസില്‍ വിജയിക്കുക? ട്രംപോ ബൈഡനോ? ഇന്ത്യയെ സംബന്ധിച്ച് ആരു ജയിക്കുന്നതാവും ഗുണകരം. പ്രമുഖ നയതന്ത്ര ഐ ടി വിദഗ്ദ്ധനായ പ്രൊഫസര്‍ രാജീവ് ശ്രീനിവാസന്‍ കേരളകൗമുദി പത്രത്തിലെഴുതിയ ലേഖനം വായിക്കാം

അമേരിക്കയില്‍ ട്രംപോ ബൈഡനോ ?


നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള ഉരസലുകള്‍ക്കിടയില്‍ ഏറ്റവും മുന്നില്‍ ചൈനയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആരാണ് യു.എസില്‍ വിജയിക്കുക? ട്രംപോ ബൈഡനോ? ആരു ജയിച്ചാലും ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ചില നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്.

സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഒരു പ്രചാരണമുണ്ട്. ഇത് ഏറെക്കുറെ വിരുദ്ധചേരിയില്‍ നില്‍ക്കുന്ന മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ്. ഇന്ത്യന്‍ താത്പര്യങ്ങളുടെ കണ്ണില്‍ നോക്കുമ്പോള്‍ ഈ പ്രചാരണത്തില്‍ വലിയ കഴമ്പില്ല. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിവന്ന ട്രംപ് തുടര്‍ന്നും അങ്ങനെ തന്നെയാവുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. എച്ച് വണ്‍ വിസയുടെ കാര്യത്തിലും താരിഫ് ഇളവിന്റെ കാര്യത്തിലും മറ്റും ട്രംപ് കൈക്കൊണ്ട നടപടികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പൊതുവെ ഇന്ത്യയെ നോവിപ്പിക്കുന്നതല്ല ട്രംപിന്റെ വിദേശകാര്യ നയം.

ട്രംപിന്റെ കാലത്ത് ഒരു പുതിയ യുദ്ധവും തുടങ്ങിയില്ല. പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞു. യു.എസ്, ജപ്പാന്‍, ആസ്‌ട്രേലിയ, ഇന്ത്യ എന്നീ ജനാധിപത്യ രാജ്യങ്ങളുടെ സഖ്യത്തിലൂടെ ചൈനയുടെ അപ്രമാദിത്വം തടയാനും ട്രംപിന് കഴിഞ്ഞു.

അറബ് രാജ്യങ്ങളായ ബഹ്റിന്‍, യു.എ.ഇ (ഒരുപക്ഷേ ഇനി സൗദിയും) എന്നിവയുമായി ഇസ്രയേല്‍ നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടതും ട്രംപിന്റെ ശ്രമഫലമായാണ്. ഇറാനെതിരെ യു.എസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം ഇന്ത്യ ചബഹാര്‍ തുറമുഖ വികസനത്തിന് നല്‍കിയിട്ടുള്ള നിക്ഷേപത്തെയും എണ്ണ കച്ചവടത്തെയും ബാധിക്കുന്നതാണ്. എന്നാല്‍ ഇറാന്‍ ഇപ്പോള്‍ ചൈനയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് അതും പ്രശ്നമകേണ്ടതില്ല.

അമേരിക്കയുടെ പൊതുബോധം ചൈനയ്ക്ക് എതിരാക്കി മാറ്റിയതില്‍ ട്രംപിന് വലിയ പങ്കുണ്ട്. അത് ഇന്ത്യയ്ക്ക് നല്ലതാണ്. എന്നാല്‍ ലഡാക്ക് പ്രശ്നത്തിന്റെ പേരില്‍ ഇന്ത്യയും ചൈനയും യുദ്ധത്തിലേക്ക് വഴുതി വീഴുകയാണെങ്കില്‍ ഇന്ത്യയെ സഹായിക്കാന്‍ യു.എസ്. അണിനിരക്കുമെന്ന് കരുതേണ്ടതില്ല. ഇന്ത്യയ്ക്ക് സ്വന്തം നിലയില്‍ തന്നെ അത് നേരിടേണ്ടിവരും. എന്നാല്‍ മലബാര്‍ സൈനിക അഭ്യാസത്തിന്റെ ഭാഗമായി ക്വാഡ് രാജ്യങ്ങള്‍ കൈകോര്‍ക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ചൈനയുടെ സാന്നിദ്ധ്യം ഒഴിവാക്കാന്‍ ഉപകരിക്കും. അങ്ങനെ പൊതുവേ വിലയിരുത്തുമ്പോള്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ട്രംപ് ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ സ്വാഗതാര്‍ഹനാണ്.

എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റുമാര്‍ അധികാരത്തില്‍ വരുമ്പോഴാണ് ഇന്ത്യയോട് ഏറ്റവും നല്ല സമീപനം പുലര്‍ത്തുന്നതെന്ന് പറയാറുണ്ട്. ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു ചിത്രമുണ്ട്. 1961ല്‍ വൈറ്റ് ഹൗസിന്റെ പൂന്തോട്ടത്തിലൂടെ കെന്നഡിയും നെഹ്രുവും നടക്കുന്ന ചിത്രമാണത്. അക്കാലത്ത് കേരളത്തിലെ മദ്ധ്യവര്‍ഗത്തില്‍പ്പെട്ട മിക്കവാറും എല്ലാവരുടെയും വീടുകളുടെ ചുമരുകളില്‍ ഈ ചിത്രം കാണാമായിരുന്നു.

അമേരിക്കന്‍ നിവാസിയായിരുന്നപ്പോള്‍ ഈ ലേഖകന്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയസമീപനങ്ങളോടാണ് . പ്രത്യേകിച്ചും കുടിയേറ്റ നിയമം, ന്യൂനപക്ഷ അവകാശം, പരിസ്ഥിതിനയം തുടങ്ങിയവയോടുള്ള ആ പാര്‍ട്ടിയുടെ സമീപനം എടുത്തുപറയേണ്ടതാണ്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരില്‍ 70 ശതമാനം പേരും ഇപ്പോഴും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് വോട്ട് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഡെമോക്രാറ്റുകള്‍ പാകിസ്ഥാനും ചൈനയ്ക്കും പിന്തുണ നല്‍കുന്ന തീരുമാനങ്ങളെടുക്കുന്നത് ഇന്ത്യാക്കാരെ പലപ്പോഴും അലോസരപ്പെടുത്തുകയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഭാഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയെക്കുറിച്ചും ഇന്ദിരാഗാന്ധിയെക്കുറിച്ചും മോശം അഭിപ്രായം പറഞ്ഞ നിക്സണെ ഒഴിച്ചുനിറുത്തിയാല്‍ മറ്റു റിപ്പബ്ളിക്കന്‍ പ്രസിഡന്റുമാരെല്ലാം തന്നെ ഇന്ത്യയോട് മാന്യമായ സമീപനം പുലര്‍ത്തിയവരാണ്. ബൈഡന്‍, പ്രമീള ജയ്പാല്‍, റോ ഖന്ന, ഇല്‍ഹാന്‍ ഒമര്‍ തുടങ്ങിയ ഡെമോക്രാറ്റിക് രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ഇന്ത്യാവിരുദ്ധ നിലപാടുകളുള്ളവരാണ്. പൗരത്വ ഭേദഗതി ബില്ലിനെയും കാശ്മീരില്‍ 370ാം വകുപ്പ് പിന്‍വലിച്ചതിനെയും മറ്റും പരസ്യമായി എതിര്‍ത്തവരാണ്. 1992 ല്‍ ബൈഡന്‍ കൊണ്ടുവന്ന ഭേദഗതി കാരണമാണ് ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും ക്രയോജനിക് എന്‍ജിന്‍ വാങ്ങാന്‍ കഴിയാതെ പോയത്.

ഇന്ത്യന്‍ ദേശീയ താത്പര്യങ്ങളുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ട്രംപ് ഒരിക്കല്‍കൂടി തിരഞ്ഞെടുക്കപ്പെടുന്നതാണ് നല്ലതെന്ന് കരുതാം. അത് അസാദ്ധ്യമല്ല. മാത്രമല്ല തിരഞ്ഞെടുപ്പ് രംഗം പൊതുവെ വീക്ഷിക്കുമ്പോള്‍ അതിനാണ് കൂടുതല്‍ സാദ്ധ്യതയെന്നും വിലയിരുത്താം.