ന്യൂഡൽഹി: കൊവിഡ് വാക്‌സിനിൽ നയം വ്യക്തമാക്കി ഐ.സി.എം.ആറും ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയും. പരീക്ഷണത്തിൽ അമ്പത് ശതമാനം വിജയകരമെന്ന് തെളിയുന്ന വാക്‌സിൻ ഇന്ത്യയിൽ വിൽപ്പനയ്‌ക്കായി അനുമതി നൽകുമെന്ന് ഐ.സി.എം.ആർ അറിയിച്ചു. നൂറ് ശതമാനം ഫലപ്രാപ്‌തിയുളള പ്രതിരോധമരുന്നിന് സാദ്ധ്യതയില്ലെന്നാണ് ഐ.സി.എം.ആർ വിലയിരുത്തൽ. 50 മുതൽ 100 ശതമാനം വരെ ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാൽ ആ വാക്‌സിൻ ഇന്ത്യയിൽ അനുവദിക്കുമെന്ന് ഐ.സി.എം.ആർ ഡയറക്ടർ ഡോ.ബലറാം ഭാർഗവ വ്യക്തമാക്കി. ശ്വാസകോശ രോഗങ്ങൾക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകൾ അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷ, രോഗപ്രതിരോധ ശേഷി, ഫലപ്രാപ്‌തി തുടങ്ങി മൂന്ന് കാര്യങ്ങൾ വാക്‌സിൻ നിർമ്മാണത്തിൽ പ്രധാനമായും ഉറപ്പാക്കണമെന്നാണ് ലോകാരോഗ്യസംഘടന നൽകിയിരിക്കുന്ന നിർദേശം. 50 ശതമാനം ഫലപ്രാപ്തി ലഭിച്ചാലും അത് സ്വീകാര്യമായതിനേക്കാൾ കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നതെന്ന് ബൽറാം ഭാർഗവ പറഞ്ഞു.
വാക്‌സിൻ പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന് ഐ.സി.എം.ആർ പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. എല്ലാവർക്കും വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കുകയും വേണം. പ്രായമായ വ്യക്തികൾ ഉൾപ്പടെയുളളവരുടെ പ്രാതിനിധ്യം പരീക്ഷണത്തിൽ ഉണ്ടാകണമെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു.
നിലവിൽ മൂന്ന് വാക്‌സിനുകളുടെ പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യയിൽ ഓക്‌സ്‌ഫോഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് അനുമതി നൽകിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് അനുമതി നൽകിയത്. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്ക് രോഗം ബാധിച്ചതോടെയാണ് വാക്‌സിൻ പരീക്ഷണം പാതിവഴിയിൽ നിർത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയിൽ ഓക്‌സ്‌ഫോഡുമായി ചേർന്നുളള പരീക്ഷണം താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. യു.എസ്, ബ്രസീൽ, യു.കെ എന്നിവിടങ്ങളിലും വാക്‌സിൻ പരീക്ഷണം നിർത്തിവച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ യു.കെയിലും പരീക്ഷണം പുനരാരംഭിച്ചിട്ടുണ്ട്.