capt

തിരുവനന്തപുരം: നയതന്ത്രബാഗേജ് വഴി പ്രോട്ടോകോൾ ലംഘിച്ച് മതഗ്രന്ഥങ്ങൾ വിതരണം ചെയ്‌ത സംഭവത്തിൽ തലസ്ഥാനത്തെ സി ആപ്‌റ്റിൽ ഇന്നും എൻ.ഐ.എ പരിശോധന. മന്ത്രി കെ.ടി ജലീൽ നിർദ്ദേശിച്ചതനുസരിച്ച് 32 പായ്‌ക്ക് മതഗ്രന്ഥങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള‌ള സി ആപ്‌റ്റിൽ എത്തിച്ച ശേഷം പിന്നീട് ഈ സ്ഥാപനത്തിലെ വാഹനത്തിലാണ് വിവിധയിടങ്ങളിൽ മതഗ്രന്ഥം വിതരണം ചെയ്‌തത്.

മതഗ്രന്ഥം കയ‌റ്റിയ വാഹനത്തിന്റെ യാത്രാരേഖകൾ, ജി പി എസ് എന്നിവ ദേശീയാന്വേഷണ സംഘം പരിശോധിച്ചു.

ഇന്നലെയും സി ആപ്റ്റിലെത്തിയ സംഘം ചില ജീവനക്കാരുടെയും പിന്നീട് മുൻ സി ആപ്‌റ്റ് ഡയറക്‌ടറും നിലവിൽ എൽബിഎസ് ഡയറക്‌ടറുമായ എ. അ‌ബ്‌ദു റഹ്‌മാന്റെയും മൊഴിയെടുത്തിരുന്നു. ഇതോടെ സി ആപ്‌റ്റിൽ പരിശോധനക്കെത്തുന്ന രണ്ടാമത് കേന്ദ്ര ഏജൻസിയാണ് എൻ.ഐ.എ. മുൻപ് കസ്‌റ്റംസ് ഇവിടെ പരിശോധന നടത്തിയിരുന്നു.

അതേസമയം ഖുറാൻ സി ആപ്‌റ്റിലെത്തിക്കാൻ താൻ തന്നെയാണ് നിർദേശം നൽകിയതെന്നും മന്ത്രിയെന്ന നിലയിൽ നിർവഹിക്കേണ്ട ചുമതല മാത്രമാണ് നിർവഹിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഇന്നലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും മനഃസാക്ഷിയുടെ മുന്നിൽ താൻ പ്രതിക്കൂട്ടിലല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുന്നണിയും പാർട്ടിയും ആവശ്യപ്പെട്ടാൽ രാജി വയ്ക്കുമെന്നും രാഷ്ട്രീയ ആരോപണങ്ങളുടെ പേരിൽ രാജി വയ്‌ക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. മൊഴി കൊടുക്കാൻ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. പതിറ്റാണ്ടുകളായുള്ള സാംസ്‌കാരിക വിനിമയം ആണ് നടന്നത്. അതിനാൽ മതഗ്രന്ഥ വിതരണത്തിൽ അപാകതയില്ല. പ്രോട്ടോക്കോൾ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ലെന്നും മന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടു.