india-turkey

ന്യൂഡൽഹി: യു.എൻ പൊതുസഭയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിബ് എര്‍ദോഗാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. 'മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാൻ പഠിക്കണമെന്ന്' ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.


'ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് തുർക്കി പ്രസിഡന്റ് നടത്തിയ പരാമർശങ്ങൾ കേട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന പ്രവൃത്തിയാണത്. അത് അംഗീകരിക്കാനാവില്ല. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാൻ തുർക്കി പഠിക്കണം. '- ടി.എസ്.തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.

ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെ എർദോഗൻ വിമർശിച്ചിരുന്നു. ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും സമാധാനത്തിനുമിടയില്‍ കാശ്മീര്‍ പോരാട്ടം ഒരു കത്തുന്ന വിഷയമാണെന്നും, ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നുമാണ് തുർക്കി പ്രസിഡന്റ് പറഞ്ഞത്. ഐക്യരാഷ്ട്ര പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിലും പ്രത്യേകിച്ചും കാശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ഈ പ്രശ്നം പരിഹരിക്കണമെന്നും എര്‍ദോഗൻ അഭിപ്രായപ്പെട്ടിരുന്നു. 2019 ലെ തന്റെ പ്രസംഗത്തിലും കാശ്മീരിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്ന് തുർക്കി പ്രസിഡന്റ് ആരോപിച്ചിരുന്നു.