eee

കേരളകോൺഗ്രസ് മാണിവിഭാഗത്തിലെ തർക്കങ്ങളും പിളർപ്പുകളും നിരവധി തവണ കാർട്ടൂണുകൾക്ക് വിഷയമാ യതിനെക്കുറിച്ച് പലപ്പോഴായി ഈ പംക്തിയിൽ എഴുതിയിട്ടുണ്ട്.കഴിഞ്ഞ മാസം ഈ വിഷയത്തിൽ ഉണ്ടായ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വരച്ച കാർട്ടൂണിനെക്കുറിച്ചാണ് ഇത്തവണ.2010 ൽ പി.ജെ ജോസഫ് വിഭാഗം ലയിച്ചതിനു ശേഷം ഒരു പിളർപ്പിന്റെ വക്കിലേക്ക് കേരള കോൺഗ്രസ്സ്(എം) എത്തുന്നത് 2019 ഏപ്രിൽ 9ന് കെ.എം. മാണിയുടെ മരണശേഷമാണ്. ചെയർമാൻ സ്ഥാനത്തെ ചൊല്ലി പി.ജെ. ജോസഫും കെ.എം.മാണിയുടെ മകനായ ജോസ്.കെ. മാണിയും തമ്മിൽ നടക്കുന്ന പോര് ഒരു പിളർപ്പിലേക്ക് എത്തിക്കും എന്ന് ഉറപ്പായിരുന്നു.തർക്കങ്ങൾക്കൊടുവിൽ ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കാനാവില്ല എന്ന നിലപാടിൽ ഇരുവരും ഉറച്ചുനിന്നു. 2019 ജൂൺ 16ന് അനിവാര്യമായ പിളർപ്പ് സംഭവിച്ചു.

പാർട്ടി പിളർന്നെങ്കിലും ഇരുവിഭാഗങ്ങളും യുഡിഎഫിൽ തന്നെ തുടർന്നു.പാർട്ടി ചിഹ്നം,ഓഫീസ് എന്നിവയ്ക്കായി ഇരുവിഭാഗങ്ങളും അവകാശവാദമുന്നയിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പിൽ എത്തുകയും ചെയ്തു.പാർട്ടി ചിഹ്നമായ രണ്ടില ഉപയോഗിക്കുന്നതിനുള്ള അവകാശം വർക്കിങ്ങ് ചെയർമാൻ ആയ ജോസഫിനാണെന്നായിരുന്നു കമ്മീഷന്റെ തീരുമാനം.കെ എം മാണിയുടെ മരണശേഷം പാലാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയായാലും രണ്ടില ചിഹ്നം വേണമെങ്കിൽ ജോസഫിന്റെ സമ്മതം വേണമെന്ന നിലവന്നു.ജോസ് കെ മാണിയുടെ ഭാര്യയായ നിഷ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാമെന്നുള്ള മോഹത്തിന് ഇതോടെ തിരിച്ചടിയായി.നിഷയാണ് സ്ഥാനാർഥിയെങ്കിൽ രണ്ടില ചിഹ്നം നൽകില്ല എന്ന് ജോസഫ് പരസ്യമായി പ്രഖ്യാപിച്ചു. ജോസഫിന്റെ കടും പിടുത്തങ്ങൾക്ക് വഴങ്ങാതെ മുന്നോട്ടുപോകാനായിരുന്നു ജോസിന്റെ തീരുമാനം.ജോസ് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ജോസഫ് ഒന്നുകൂടി കടുപ്പിച്ചു.പാലായിൽ അവസാനനിമിഷം ജോസഫിന്റെ വിശ്വസ്തൻ പത്രിക നൽകി.ചിഹ്നം ലഭിക്കില്ല എന്നതിനപ്പുറം വിമതനീക്കം കൂടിയായപ്പോൾ യുഡിഎഫ് നേതാക്കൾ ഇടപെട്ടു.നിഷയെ അംഗീകരിക്കാനാവില്ലെന്ന്‌ജോസഫ് ഉറച്ച് നിലപാടെടുത്തു.നിഷയെ സ്ഥാനാർത്ഥിയാക്കാൻ സാധിക്കാതെ വന്നപ്പോൾ പാലായിൽ ഒത്തുതീർപ്പുസ്ഥാനാർത്ഥിയെന്ന നിലയിൽ ജോസ് ടോമിനെ അവതരിപ്പിച്ചു.ജോസഫിന്റെ വിമതസ്ഥാനാർത്ഥി പിന്മാറി.തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്ന് ജോസഫ് പ്രഖ്യാപിച്ചു.

ഇതിനിടയിൽ തർക്കവിഷയമായ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.രണ്ടില ചിഹ്നമില്ലെങ്കിലും തിരഞ്ഞെടുപ്പിൽ മാണിയുടെ സഹതാപതരംഗത്തിൽ വിജയിക്കാം എന്നതായിരുന്നു ജോസിന്റേയും യുഡിഎഫ് നേതാക്കളുടേയും ആത്മവിശ്വാസം.ഒരുമാസം നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ സെപ്തംബർ 23 നായിരുന്നു പാലയിലെ തിരഞ്ഞെടുപ്പ്.സെപ്തംബർ 27ന് ഫലം വന്നു. കെ എം മാണിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ജോസ് ടോമിനെ 2943 വോട്ടുകൾക്ക് പിന്നിലാക്കി മറ്റൊരു മാണി ചരിത്രമെഴുതി.ഇടത് സ്ഥാനാർത്ഥിയായി മൽസരിച്ച എൻസിപിയുടെ മാണി സി കാപ്പൻ 54 വർഷമായി കെ എം മാണിയുടെ കുത്തക മണ്ഡലമായ പാലാ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.

ചിഹ്നം,പദവി എന്നിവയിലെല്ലാം തർക്കങ്ങൾ ഉയർന്നതോടെ കോൺഗ്രസുമായുള്ള ധാരണപ്രകാരം മാണിഗ്രൂപ്പിന് ലഭിച്ച കോട്ടയം ജില്ലാപ്രസിഡന്റ് സ്ഥാനവും തർക്കത്തിലായി.അവസാന വർഷത്തിൽ ജില്ലാപ്രസിഡന്റ് സ്ഥാനം മാണിഗ്രൂപ്പിനകത്തെ ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് വാദമുയർന്നു.സ്ഥാനം വിട്ടുനൽകാനാവില്ലെന്ന ജോസ് കെ മാണിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാകാതെ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി.ജോസ് കെ മാണിയെ ഇടതുമുന്നണിയിലെത്തിക്കാൻ സിപിഎം ഒളിഞ്ഞും തെളിഞ്ഞും, ശ്രമം ആരംഭിച്ചു.

പക്ഷെ, കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകി 2020 ആഗസ്റ്റ് 31ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നതർക്കത്തിൽ അന്തിമ വിധി പുറപ്പെടുവിച്ചു. പാർട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇതോടെ ജോസിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായ യുഡിഎഫ് പരുങ്ങലിലായി. കമ്മീഷൻ തിരുമാനത്തിനെതിരെ പിജെ ജോസഫ് ഹർജി നൽകി. ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ

വിധി സ്‌റ്റേ ചെയ്തു.

ഈ സന്ദർഭമാണ് കാർട്ടൂണാക്കിയത്. ജോസിനെ യുഡിഎഫ് തറവാട്ടിൽ കയറ്റാതെ സാമൂഹികാകലം പാലിക്കുന്ന യുഡിഎഫ് നേതാക്കളായിരുന്നു കാർട്ടൂണിൽ. പഴയ ജന്മി കുടിയാൻ കാലത്തെ ഓർമ്മിപ്പിക്കുന്ന ചിത്രത്തിൽ തറവാടിന്റെ മുറ്റത്ത് വിരിച്ച രണ്ടിലയിൽ ജോസിന് ഭക്ഷണം വിളമ്പുന്നത് തടയാൻ ഇലയിൽ ചവിട്ടിനിൽക്കുകയാണ് ജോസഫ്.സ്റ്റേ എന്നാണ് ഇതിന് തലക്കെട്ട്.തൊട്ടപ്പുറത്ത് എൽഡിഎഫ് ഹോം സ്റ്റേയിൽ ജോസിനായി വിഭവസമൃദ്ധമായ സദ്യ ഒരുക്കി കാത്തിരിക്കുന്ന കോടിയേരി,പിണറായി സുന്ദരിമാരെയും ചിത്രീകരിച്ചു. സ്റ്റേ,ഹോം സ്റ്റേ എന്നീ രണ്ട് വാക്കുകളിൽ കേരളകോൺഗ്രസിലെ ചിഹ്നത്തർക്കവും ജോസ് കെ മാണിയോടുള്ള ഇരു മുന്നണികളുടെ സമീപനവും നിലവിലെ രാഷ്ട്രീയസാഹചര്യവും ചിത്രീകരിക്കാനായി എന്നതാണ് ഈ കാർട്ടൂണിന്റെ പ്രത്യേകത.