തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായത്. സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നിയമോപദേശം തേടി.സംസ്ഥാനത്തിന്റെ അധികാരം കവർന്നെടക്കുന്നതാണ് പുതിയ നിയമമെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും മന്ത്രിസഭ യോഗത്തിൽ അഭിപ്രായമുയർന്നു.
ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കാർഷിക വിപണിയുടെ പരിഷ്‌കാരത്തിന് മൂന്ന് ഓർഡിനൻസുകൾ ജൂണിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ‘ഒരു രാജ്യം ഒരു കാർഷിക വിപണി’ എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെവിടെയും ഉത്പന്നങ്ങൾ വിറ്റഴിച്ച് കർഷകർക്ക് പരമാവധി വരുമാനം നേടിക്കൊടുക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. കൃഷിമേഖലയിലേക്ക് കൂടുതൽ സ്വകാര്യ മൂലധനനിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും കേന്ദ്രം ലക്ഷ്യമിടുന്നു. എന്നാൽ, ഇത് കർഷകർക്കുള്ള നിയമ കുരുക്കായി മാറുന്നുവെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.
കാർഷിക ബില്ലിനെതിരെ രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. പാർലമെന്റിന്റെ ഇരുസഭകളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രക്ഷുബ്‌ധമായിരുന്നു. എളമരം കരീം, കെ.കെ രാഗേഷ് അടക്കമുളള എം.പിമാരെ സസ്‌പെൻഡ് ചെയ്യുകയും പാർലമെന്റ് വളപ്പിൽ എം.പിമാർ ധർണയിരിക്കുയും ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ടായി. വരുംദിവസങ്ങളിലും പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കാൻ തയ്യാറെടുക്കവെയാണ് സംസ്ഥാനം വിഷയത്തെ നിയമപരമായി നേരിടാൻ ഒരുങ്ങുന്നത്.