cpm

തിരുവനന്തപുരം : കാപ്സ്യൂളുകള്‍ റെഡി... ഈ വാചകം കണ്ടാല്‍ ഇപ്പോള്‍ ഹാലിളകുന്നത് സഖാക്കൾളാണ്. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനാല്‍ ആത്മഹത്യചെയ്ത യുവാവിന്റെ പേരില്‍, സി പി എം സൈബറിടത്ത് ചൂളിയപ്പോള്‍ പ്രതിരോധിക്കാനുള്ള കമന്റുകള്‍ കാപ്സ്യൂളുകളായി അയച്ചു തരാമെന്ന തലമുതിര്‍ന്ന സഖാവിന്റെ രഹസ്യ നിര്‍ദ്ദേശം പരസ്യമായതോടെയാണ് സൈബറിടത്ത് പാര്‍ട്ടിക്കെതിരെ കാപ്സ്യൂള്‍ വിതരണം ഊര്‍ജ്ജിതമായത്. കാപ്സ്യൂളിന്റെ ഇമോജി ഇട്ടാണ് സി പി എമ്മിനെ ഇപ്പോള്‍ എതിരാളികള്‍ പരിഹസിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും 'ചന്തുവിനെ തോല്‍പ്പിക്കാനാവില്ലെന്ന്' ഉറച്ച സി പി എം കാപ്സ്യൂളുകളെ പുസ്തകമാക്കി അണികള്‍ക്ക് വിതരണം ചെയ്യാനൊരുങ്ങുകയാണ്.

കൊവിഡ് കാലത്തും, ന്യൂജന്‍ പിള്ളേരെ പിടിക്കാനും കവല പ്രസംഗങ്ങളല്ല, ഫേസ്ബുക്ക് പിടിച്ചടക്കലാണ് ഇനിയുള്ള കാലത്ത് ഫലപ്രദമെന്ന തിരിച്ചറിവിലാണ് കാപ്സ്യൂള്‍ പുസ്തകങ്ങള്‍ പിറവിയെടുക്കുന്നത്.

സ്മാര്‍ട്ട് ഫോണുള്ള പ്രവര്‍ത്തകര്‍ക്ക് എങ്ങിനെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരംഭിക്കാമെന്നും, അതില്‍ എങ്ങനെ ഇടപെടണമെന്നുമുള്ള പാര്‍ട്ടി ക്ലാസാണ് പുസ്തകത്തിന്റെ ഇതിവൃത്തം. സി.പി.എമ്മിന്റെ ജില്ല, ഏരിയ തലങ്ങളിലുള്ള നവമാദ്ധ്യമ സമിതികള്‍ക്കാണ് കൈപ്പുസ്തകം നല്‍കുന്നത്. പാര്‍ട്ടി ഏരിയ കമ്മിറ്റി തലത്തില്‍ ഓഫീസില്‍ ചെറിയ രീതിയിലുള്ള സ്റ്റുഡിയോ ആരംഭിക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ മിടുക്കന്‍മാരായ സൈബര്‍ പോരാളികള്‍ക്ക് ദിവസവും ഒരു ജി ബി നല്‍കുന്ന പദ്ധതിയും തിരഞ്ഞെടുപ്പ് കാലത്ത് പരീക്ഷിച്ചിരുന്നു.

പാര്‍ട്ടി പുസ്തകത്തിലെ ചില നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്

ഫേസ്ബുക്കില്‍ പാര്‍ട്ടി നേതാക്കളുടെ പോസ്റ്റ് കണ്ടാല്‍ മൂന്ന് കാര്യങ്ങള്‍ ചെയ്യണം. ഇതുവഴി കൂടുതലാളുകളിലേക്ക് സന്ദേശം എത്തുവാനും, പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുവാനും സാധിക്കും

എതിരാളിയുടെ പോസ്റ്റ് കണ്ട് കലിപ്പില്‍ കമന്റ് ബോക്സില്‍ തെറിവിളിക്കുന്ന പ്രവര്‍ത്തകരോട് ശാന്തരാകൂ എന്ന സന്ദേശമാണ് നല്‍കുന്നത്. വെറുതെ കമന്റിട്ട് ആ പോസ്റ്റിന് പ്രചാരം കൂട്ടരുത്...വിട്ടുകളയണം

ഓണ്‍ലൈന്‍ വോട്ടിങ്ങുകളില്‍ പങ്കെടുക്കരുത്, അത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവരുടെ അജന്‍ഡകളില്‍ ഒരിക്കലും വീഴരുത്.

ഇനി പാര്‍ട്ടി നേതാക്കളുടെ പോസ്റ്റില്‍ എതിരാളികള്‍ കമന്റിട്ടാല്‍ അതിന് മറുപടി നല്‍കി പ്രമോട്ട് ചെയ്യരുത്. പകരം ആ കമന്റ് ഹൈഡ് ചെയ്യുകയോ, ഡിലീറ്റ് ചെയ്യുകയോ ആവാം

അറിയാതെ എന്തെങ്കിലും തെറ്റായ വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചാല്‍, അതിന് ഖേദം പ്രകടിപ്പിച്ച് അബദ്ധം പറ്റിയത് കൂടുതല്‍പേരെ അറിയിക്കരുത്...പകരം നൈസായി പോസ്റ്റ് മുക്കുന്നതാണ് നല്ലത്.