തിരുവനന്തപുരം : ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കൊവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ദ്ധന സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ നടന്ന വ്യാപകമായ സമൂഹവ്യാപന സാദ്ധ്യതയാണ്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളില്‍ 4162 എണ്ണത്തിന്റെ വര്‍ദ്ധനയാണുണ്ടായത്. ആഗസ്റ്റ് ഒന്നു മുതല്‍ 22വരെ ഇത്തരം 2293 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ മാസം ഒന്നു മുതല്‍ ഇന്നലെ വരെ 6055 കേസുകളാണുണ്ടായത്. ഈ മാസം 16മുതല്‍ ഇന്നലെ വരെ ഉറവിടമറിയാത്ത 2793 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഇതേ കാലയളവില്‍ ഇത് 690 ആയിരുന്നു. തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലുമാണ് പ്രദേശിക സമൂഹ വ്യാപനം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഉറവിടം അറിയാത്ത കേസുകളുടെ വര്‍ദ്ധനയാണ് ഇതിലേക്ക് നയിച്ചത്.
ഉറവിടം അറിയാത്ത കേസുകള്‍
ആഗസ്റ്റ്16 350(100),17 351(94),18 410(81),19 498(53),20 459(100),21 313(109),22 412(153).
കഴിഞ്ഞമാസം ഇതേ ദിവസത്തെ കണക്ക് ബ്രായ്ക്കറ്റില്‍
കണ്ടയ്ന്‍മെന്റ് സോണുകള്‍ വേണ്ടെന്ന് വിദഗ്ദ്ധസമിതി
ഉറവിടം അറിയാത്ത കേസുകള്‍ വര്‍ദ്ധിക്കുന്നതോടെ, കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചത് കൊണ്ടു ഫലമില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. കൊവിഡ് വിദഗ്ദ്ധ സമിതി ഇത് സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും, പോസിറ്റീവായവര്‍ നെഗറ്റീവണോയെന്ന് കണ്ടൈത്താനും ടെസ്റ്റ് നടത്തുന്ന രീതി ഒഴിവാക്കണമെന്നും അഭിപ്രായമുണ്ട്. നിലവിലെ പരിശോധനകള്‍ അപര്യാപ്തമാണെന്ന അഭിപ്രായവും വിദഗ്ദ്ധസമിതി സര്‍ക്കാരിനെ അറിയിക്കും.
'ഉറവിടമറിയാത്ത കേസുകള്‍ വര്‍ദ്ധിക്കുന്നത് വ്യാപകമായ സമൂഹവ്യാപനത്തിന്റെ സൂചനയാണ്.'
ഡോ.പദ്മനാഭഷേണായി
റുമറ്റോളജിസ്റ്റ്, കൊച്ചി