ramsi-death

കൊല്ലം: കൊട്ടിയം സ്വദേശി റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം സംസ്ഥാന ക്രൈംബ്രാ‌ഞ്ചിന് കൈമാറി. എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുളള സംഘത്തിന് കേസ് കൈമാറി കൊണ്ടുളള ഉത്തരവ് ഡി.ജി.പി പുറത്തിറക്കി. നേരത്തെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കൊട്ടിയം പൊലീസിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണചുമതല നൽകിയിരുന്നത്. കേസിൽ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്‌മഹത്യക്ക് കാരണം.

നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷൻ കൗൺസിലും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്ന ദിവസവും അതിന് മുമ്പുളള ദിവസങ്ങളിലും റംസിയുമായി വിവാഹത്തെപ്പറ്റി ഹാരിസും അമ്മയും ഫോണിൽ സംസാരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹാരിസിന്റെ അമ്മയും ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്‌മി പ്രമോദും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.