തിരുവനന്തപുരം:ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുടെ ധാരണപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടെന്നും, എന്നാൽ ഒന്നരമാസമായിട്ടും സർക്കാർ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ചെന്നിത്തല വ്യക്തമാക്കി.
'ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നും വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. പ്രാഥമിക വിജലൻസ് അന്വേഷണം സ്വീകാര്യമല്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ടവർ വിദേശത്തായതിനാൽ വിജിലൻസിന് പരിമിതികളുണ്ട്.കേസ് സി.ബി.ഐയ്ക്ക് വിടണം'- ചെന്നിത്തല പറഞ്ഞു.
ഇ-മൊബിലിറ്റി പദ്ധതിയിൽ സർക്കാർ വാദങ്ങൾ പൊളിഞ്ഞു. കൺസൾട്ടൻസി കമ്പനിയെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കിയത് തന്റെ വാദം ശരിയായിരുന്നുവെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ സമരങ്ങൾ ആണ് കൊവിഡ് വ്യാപനത്തിന് കാരണം എന്ന ആരോപണം ചെന്നിത്തല നിഷേധിച്ചു. 'മുഖ്യമന്ത്രി കിട്ടിയ ഏതു വടി കൊണ്ടും പ്രതിപക്ഷത്തെ അടിക്കാൻ ശ്രമിക്കുകയാണ്. പരമാവധി നിയന്ത്രണങ്ങൾ പാലിച്ചാണ് സമരമെന്നും അദ്ദേഹം വ്യക്തമാക്കി.