cave

ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളെപ്പറ്റി കേൾക്കാത്തവർ വിരളമാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഇത്തരം നഗരങ്ങളും,​ അവയുടെ അവശേഷിപ്പുകളും കാണാൻ കഴിയും.​ ഇവയിൽ നിന്നും വ്യത്യസ്തമാണ് തുർക്കിയിലെ ഡെറിക്യൂൻ എന്ന നഗരം. നിർമ്മിതി കൊണ്ടും ആസൂത്രണം കൊണ്ടും ചരിത്രകാരൻമാരെയും,​ സഞ്ചാരികളേയും ഒരുപോലെ വിസ്മയിപ്പിക്കുന്ന ഒരു നഗരമാണ് ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഡെറിക്യൂൻ. വളരെ വൈകിയാണ് തുർക്കിയിലെ കർഡോഷ്യക്കാർ ഇങ്ങനൊരു നഗരത്തെ പറ്രി അറിയുന്നത്.

1963ൽ ഇവിടത്തെ ഒരു താമസക്കാരൻ തന്റെ ഭിത്തിയുടെ മറുഭാഗത്ത് വളരെ ആകസ്മികമായി ഒരു തുരങ്കം കണ്ടെത്തുന്നതോടെയാണ് ഡെറിക്യൂനിന്റെ രണ്ടാം ചരിത്രം തുടങ്ങുന്നത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഈ വലിയ ലോകം തുറന്നു വരുന്നത്. പിന്നീട് 1969ൽ സന്ദർശകർക്കായി തുറന്നു കൊടുത്തു.

പിന്നീട് കപ്പഡോക്കിയയിലെ നേവ്‌സീറിന് സമീപ നഗരമായ കേസേരിയിൽ ഹൗസിംഗ് പ്രോജക്ടിന്റെ ഭാഗമായി, തുർക്കി ഹൗസിംഗ് ഡവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ നടത്തി വന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് 5,000 വർഷം പഴക്കമുള്ള ഭൂഗർഭ നഗരത്തിന്റെ ബാക്കി കണ്ടെത്തുന്നത്. പല സംസ്കാരങ്ങളും ഇവിട നിലനിന്നിരുന്നു എന്നതിന് തെളിവുകൾ ഉണ്ടായിരുന്നുവെങ്കിലും ഭൂമിക്കടിയിലായിരുന്നു അവയെന്നതാണ് ഏറെ കൗതുകം പകരുന്നത്. ഭൂമിയിൽ നിന്നും 250 അടി താഴെയാണ് ഈ അത്ഭുത നഗരം സ്ഥിതി ചെയ്യുന്നത്. യാത്രക്കാർക്ക് പോകാനുള്ള തുരങ്കങ്ങൾ, കിണറുകൾ, മീറ്റിംഗ് റൂമുകൾ, കുട്ടികൾക്ക് പഠിക്കുവാനുള്ള ഇടങ്ങൾ, ചാപ്പലുകൾ, ശേഖരണ മുറികൾ, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള ഇടം, വൈനും എണ്ണയും ശേഖരിച്ചുവച്ചിരിക്കുന്ന ഇടം എന്നിങ്ങനെ അമ്പരപ്പിക്കുന്ന നിരവധി പ്രത്യേകതകളുണ്ട് ഡെറിൻക്യൂവിന്.

പുരാതന കാലം തൊട്ടേയുള്ള ഭൂഗർഭ അറകൾക്കും തുരങ്കങ്ങൾക്കും പേരുകേട്ട നഗരമാണ് കപ്പഡോഷ്യ. ഏകദേശം 200ൽഅധികം പരസ്പരബന്ധിതമായ തുരങ്കങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള നഗരം എന്ന വിശേഷണവും ഡെറിക്യൂനിന് സ്വന്തമാണ്. ഭൂമിക്കടിയിൽ ഇത്രയും താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അതിന്റെ യാതൊരു ബുദ്ധിമുട്ടുകളും ഇവിടില്ല. ശുദ്ധജലത്തിനും ശുദ്ധവായുവിനും ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഒരു ഭൂഗർഭ നഗരത്തിൽ 20,000 ആളുകളെ വരെ ഉൾക്കൊള്ളാൻ കഴിയും. മനുഷ്യർക്കും മൃഗങ്ങൾക്കും ഭൂമിക്ക് മുകളിലേക്ക് വരാതെ വർഷങ്ങളോളം ഇവിടെ താമസിക്കുവാൻ കഴിയുന്ന രീതിയിലാണ് ഈ നഗരം രൂപകല്പന ചെയ്തിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള സംഭരണ ശാലകൾ, ശുദ്ധജലം ലഭ്യമാക്കുന്ന കിണറുകൾ, ശുദ്ധവായു കടക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ എല്ലാം ഇവിടെ എപ്പോഴും സജ്ജമാണ്.