കോലഞ്ചേരി: മഴക്കള്ളന്മാരിറങ്ങി. വീട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്. തിരുട്ട് ഗ്രാമ കള്ളന്മാര്‍ എത്താനുള്ള സാധ്യത കൂടി പരിഗണിച്ചാണ് മുന്നറിയിപ്പ്. മഴയുടെ മറവില്‍ മോഷണം നടത്തുന്നതിലെ വിരുതന്മാരാണ് തിരുട്ട് ഗ്രാമക്കാര്‍. വീടിനുള്ളില്‍ പണവും, സ്വര്‍ണവും സൂക്ഷിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വാതിലിനു സുരക്ഷ കൂട്ടണം. മുന്‍ വാതിലുകള്‍ തകര്‍ത്തു കയറിയിരുന്ന മോഷണ സംഘങ്ങള്‍ക്ക് ഇപ്പോള്‍ പ്രിയം അടുക്കള വാതിലുകളാണ്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ ജില്ലയില്‍ നടന്ന മോഷണ കേസുകളെല്ലാം അടുക്കള വാതിലിന്റെ പൂട്ട് തകര്‍ത്താണ്. പൂട്ടിയിട്ട വീടുകളുടെ മുന്നില്‍ പത്രവും, പാലും വയ്ക്കരുത്. കള്ളന്റെ കണ്ണ് പതിയും. പകല്‍ സമയത്ത് വീടുകളിലെത്തുന്ന വിവിധ തരം വില്പനക്കാര്‍, ആക്രി പെറുക്കുന്നവര്‍, ഭിക്ഷാടകര്‍ ഇവരെ വീട്ടില്‍ അടുപ്പിക്കാതെ ഒഴിവാക്കുക. തമിഴ് സംഘങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. വീട് പൂട്ടി പോകുന്നവര്‍ നിര്‍ബന്ധമായും അയല്‍പക്കത്തുള്ളവരെയോ റസിഡന്‍സ് അസോ.ഭാരവാഹികളെയോ വിവരം ധരിപ്പിക്കണം.
വീടിനു വെളിയില്‍ ലൈറ്റുകള്‍തെളിച്ചിടണം മുന്‍ കരുതലാണ് മോഷണം തടയുന്നതില്‍ പ്രധാനം. വീടിനു വെളിയില്‍ ചുറ്റും കാണത്തക്കവിധം ഉള്ള ലൈറ്റുകള്‍ മഴക്കാലം കഴിയും വരെയെങ്കിലും തെളിച്ചിടാന്‍ ശ്രദ്ധിക്കണം.
വി.ടി ഷാജന്‍,
കുന്നത്തുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍
പൊലീസ് നിര്‍ദേശങ്ങള്‍