queen-palace

ജീവിതത്തിൽ ഒരിക്കലെങ്കിലും രാജാവിനെപോലെ ജീവിക്കണം എന്നാഗ്രഹിക്കാത്തവരായി ആരാണുള്ളത്?​ എന്നാൽ, രാജ്ഞിയെപോലെ ജീവിക്കാൻ ഒരു കൊട്ടാരം കിട്ടിയാലോ,​ അതും ബ്രിട്ടീഷ് രാജ്ഞിയെപ്പോലെ. ബ്രിട്ടനിലെ പാർക്ക്ഡീൻ റിസോർട്ട്സ് കമ്പനിയുടേതാണ് ഈ ആശയം. കാരവൺ പുതുക്കി ബക്കിംഗ്ഹാം പാലസിന്റെ മാതൃകയിൽ നിർമ്മിച്ചാണ് ഇവർ രാജകീയ സൗകര്യങ്ങൾ സ‍ഞ്ചാരികൾക്ക് നല്കുന്നത്.

കൊട്ടാരത്തിൽ ലഭ്യമായ എല്ലാ ആഡംബരങ്ങളും ഈ കാരവാനിലും കാണാം.രണ്ടു ബെഡ്റൂം ഒരു വിസിറ്റേഴ്സ് റൂം, അടുക്കള, മട്ടുപ്പാവ് എന്നിവയാണ് കാരവാനിൽ ഉള്ളത്. കൊട്ടാരത്തിലേതു പോലുള്ള സിംഹാസനവും ഇവിടെയുണ്ട്. ഇവിടത്തെ ടോയ്ലറ്റ് വരെ സ്വർണ്ണം പൂശിയതാണ്. രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് ഇവിടെ അലമാര, മേശ, പാത്രങ്ങൾ തുടങ്ങിയവ തയ്യാറാക്കിയിട്ടുള്ളത്. സ്വർണ്ണ നിറമുള്ള മീനുകളുടെ അക്വേറിയവും ഈ 'രാജകീയ കാരവനിൽ' കാണാം. സാധാരണക്കാർക്കും ജീവിതത്തിലൊരിക്കലെങ്കിലും ആഡംബര ജീവിതം നയിക്കാനുള്ള അവസരമാണിത്. ഇതു കൂടാതെ വളർത്തു നായയ്ക്കായി പ്രത്യേകം ബെഡ് തന്നെ ഇവിടെയുണ്ട്,​ ഇവയ്ക്ക് ഭക്ഷണം നല്കുന്ന പാത്രം സ്വർണ്ണം പൂശിയതാണ്. ബ്രിട്ടീഷ് രാജകുടുംബം സാധാരണയായി വളർത്തുന്ന കോർഗി ഇനത്തിലുള്ള നായയാണ് ഇവിടെയും ഉള്ളത്.

നാല് പേർക്ക് സുഖമായി കഴിയാവുന്ന തരത്തിലാണ് കാരവാൻ കൊട്ടാരം ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വെൽവെറ്റുകൊണ്ടാണ് അകത്തളം മോടി കൂട്ടിയിരിക്കുന്നത്. കൂടാതെ ധാരാളം സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചിട്ടുണ്ട്. വൈനിന്റെ അപൂർവ്വ ശേഖരവും,​ രുചികരമായ രാജകീയ ഭക്ഷണവും ഇവിടെയുണ്ട്.

കൊട്ടാരത്തിലെത്തുന്ന വിശിഷ്ടാതിഥികൾക്ക് രാജ്ഞി നേരിട്ട് പാനീയം നല്കി സ്വീകരിക്കുന്നതുപോലെ കാരവനിൽ എത്തുന്നവർക്കും പാനീയം ലഭിക്കും. വൈകിട്ട് അഞ്ചരയോടെ കാരവനിലെ ഗോവണി തുറക്കും. ഇവിടെ മട്ടുപ്പാവിലിരുന്ന് കാഴ്ചകൾ കാണാനും ഷാംപെയ്ൻ കഴിക്കുവാനും സൗകര്യമുണ്ട്. പാർക്ക്ഡീൻ റിസോർട്ട്സ് കമ്പനി ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചാണ് കാരവൻ വാങ്ങി കൊട്ടാരമാക്കി മാറ്റിയത്. സ്കാർബറോ പ്രവിശ്യയിലെ കെയ്റ്റൺ ബേയിലാണ് കാരവൻ പാർക്ക് ചെയ്തിരിക്കുന്നത്. ഒരാൾക്ക് ഒരു രാത്രി ചെലവഴിക്കുന്നതിനായി 1500 രൂപയാണ് നൽകേണ്ടത്.