
കാസർകോട്: ഭർത്താവ് മരിച്ചവരോ, ഉപേക്ഷിക്കപ്പെട്ടവരോ, അവിവാഹിതരോ, നിലാരംബരോ ആയിട്ടുളള വനിതകൾക്ക് ആർസെറ്റി വെള്ളിക്കോത്ത് ഇൻസ്‌റ്റിറ്റ‌്യൂട്ട് സൗജന്യ തൊഴിൽ പരിശീലനം നൽകും . എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് നടത്തുന്ന ശരണ്യ പദ്ധതി ജില്ലാ ഭരണ സംവിധാനം, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുമായി സഹകരിച്ച് രൂപം നൽകിയ കൂട്ട് പദ്ധതി എന്നീ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് ടൈലറിംഗ് പരിശീലനം നൽകി ഗാർമെന്റ് യൂനിറ്റ് സ്ഥാപിച്ച് തൊഴിൽ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന വെള്ളിക്കാത്ത് ഇൻസ്റ്റിറ്റിയൂട്ടിന്റെ ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. പട്ടികജാതി കോളനിവാസികൾക്ക് പുഷ്‌പകൃഷിയിൽ പരിശീലനം നൽകുന്നതിന് ഓഫ് ക്യാമ്പസ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. കോവിഡിന്റെ ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ച പരിശീലന പരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു.