റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിലേക്ക് ആഗോള നിക്ഷേപ സ്ഥാപനമായ കെ.കെ.ആർ 5,550 കോടി രൂപ നിക്ഷേപിക്കും. ഇതിലൂടെ റിലയൻസ് റീട്ടെയിലിലെ 1.28 ശതമാനം ഓഹരിയായിരിക്കും കെ.കെ.ആർ സ്വന്തമാക്കുക.
ഈ വർഷം ആദ്യം, കെ.കെ.ആർ ജിയോ പ്ലാറ്റ്‌ഫോമിൽ 2.32 ശതമാനം ഓഹരികൾക്കായി 11,367 കോടി രൂപ നിക്ഷേപിച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള കെ.കെ.ആറിന്റെ രണ്ടാമത്തെ നിക്ഷേപ പങ്കാളിത്തമാണ് ഇത്. റിലയൻസ് റീട്ടെയിലിന് 4.21 ലക്ഷം കോടി രൂപയുടെ നിക്ഷേപമൂല്യമാണുള്ളതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
'രാജ്യത്തൊട്ടാകെയുള്ള 12,000 സ്റ്റോറുകളിലായി കോടിക്കണക്കിനാളുകൾക്ക് സേവനം നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയതും, അതിവേഗം വളരുന്നതുമായ റീട്ടെയിൽ ബിസിനസാണ് റിലയൻസ് റീട്ടെയിൽ.ഞങ്ങൾ മുന്നേറ്റം തുടരുമ്പോൾ റിലയൻസ് റീട്ടെയിൽ വെഞ്ച്വറുകളിൽ നിക്ഷേപകനെന്ന നിലയിൽ കെ.കെ.ആറിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്.' റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു: