രോഗങ്ങളുടെ കൂട്ടത്തിൽ നിശബ്ദനായ കൊലയാളിയാണ് വൃക്ക രോഗങ്ങൾ. കാരണം രോഗം വല്ലാതെ വഷളാവുമ്പോൾ മാത്രമാണ് വൃക്ക രോഗങ്ങൾ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നത്. വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് കാണുന്ന ചില ലക്ഷണങ്ങളാണ് ചുവടെ.
മൂത്രതടസം: മൂത്രമൊഴിക്കുമ്പോൾ വേദനയും പ്രയാസവും അനുഭവപ്പെടുക. പൊള്ളുന്നതു പോലുള്ള അനുഭവവും നീറ്റലും മൂത്രത്തിൽ അണുബാധയുണ്ടാകുന്നതും വൃക്ക രോഗത്തിന്റെ ലക്ഷണമായേക്കാം.
മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം നീര് പ്രത്യക്ഷപ്പെടുക: ശരീരത്തിൽ നിന്ന് മാലിന്യങ്ങളും ആവശ്യത്തിലേറെയുള്ള ജലാംശവും പുറന്തള്ളുന്നതിന് സഹായിക്കുന്നത് വൃക്കകളാണ്. ഈ പ്രവർത്തനം നടക്കാതാവുമ്പോൾ കാലുകളിലും കൈകളിലും മുഖത്തുമൊക്കെ നീരു വരാറുണ്ട്.
ക്ഷീണവും തളർച്ചയും: രക്തത്തിലെ ചുവന്ന രക്താണുക്കളെ ഓക്‌സിജൻ വഹിക്കുന്നതിന് സഹായിക്കുന്ന ഹോർമോണായ എറിത്രോപോയറ്റിൻ ഉല്പാദിപ്പിക്കുന്നത് വൃക്കകളാണ്. എറിത്രോപോയറ്റിൻ ഹോർമോർണിന്റെ കുറവ് ചുവന്ന രക്താണുക്കളുടെ അളവിൽ കുറവുണ്ടാക്കുകയും അനീമിയ അഥവാ വിളർച്ചക്ക് കാരണമാവുകയും ചെയ്യുന്നു.
ചൊറിച്ചിലും ചർമ്മത്തിലെ തടിപ്പും: വൃക്കകൾക്ക് തകരാറ് സംഭവിക്കുന്നതോടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ ചർമ്മത്തിലെ തടിപ്പുകൾക്കും ചൊറിച്ചിലിനും കാരണമാവുന്നു.
വായിൽ ലോഹങ്ങളുടെ രുചിയും ശ്വാസത്തിന് അമോണിയയുടെ മണവും: വൃക്കകൾ തകരാറിലാവുമ്പോൾ രക്തത്തിൽ അടിഞ്ഞു കൂടുന്ന യൂറിയ കാരണമാണ് ശ്വാസത്തിന് അമോണിയയുടെ മണമുണ്ടാവുന്നത്.
ശരീരത്തിന്റെ പുറകു വശത്ത് അനുഭവപ്പെടുന്ന വേദന: പുറത്തു നിന്ന് നാഭിയിലേക്ക് വ്യാപിക്കുന്ന ശക്തമായ വേദന മൂത്രനാളിയിൽ കല്ലുള്ളതിന്റെ ലക്ഷണമാവാം. വൃക്കയിൽ ദ്രാവകം നിറഞ്ഞ മുഴകളുള്ളതും വേദനക്ക് കാരണമാവാം.
ശ്വാസതടസം :വൃക്കരോഗങ്ങൾ ശ്വാസകോശത്തിൽ ദ്രാവകം കെട്ടിനില്ക്കാൻ ഇടയാക്കുന്നതും വിളർച്ചയും ശ്വാസം എടുക്കാനും പുറത്തു വിടാനും പ്രയാസമുണ്ടാക്കും