shivangi-singh

ന്യൂഡൽഹി: റഫേൽ യുദ്ധവിമാനത്തിന്റെ ഇന്ത്യക്കാരിയായ ആദ്യ വനിതാ പൈലറ്റ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗിനെ പരിചയപ്പട്ടോളൂ. വാരാണസി സ്വദേശിയാണ് ഈ മിടുക്കി. വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിന്റെ ഭാഗമായി 2017ലാണ് ശിവാംഗി വ്യോമസേനയിലെത്തിയത്. മികച്ച പ്രകടനമാണ് റഫേൽ പറത്തുന്ന ആദ്യവനിതാ പൈലറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കാൻ ശിവാംഗിക്ക് സഹായകമായത്.17 സ്ക്വാഡ്രണിന്റെ ഭാഗമാകാനുള്ള പ്രത്യേക പരിശീലനത്തിലാണ് ശിവാംഗി ഇപ്പോൾ.

രാജസ്ഥാൻ അതിർത്തിയിലെ ബേസ് ക്യാമ്പിൽ നിന്നാണ് ശിവാംഗി അംബാലയിലെത്തുന്നത്. മിഗ് 21 വിമാനങ്ങൾ പറത്താൻ വിദഗ്ദ്ധ പരിശീലനം കിട്ടിയ ശിവാംഗിയുടെ പരിശീലനം രാജ്യത്തെ മികച്ച ഫൈറ്റർ പൈലറ്റുമാർക്കൊപ്പമായിരുന്നു. ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനൊപ്പവും ശിവാംഗി യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ആകാശവും വിമാനവുമൊക്കെ ശിവാംഗിയെ ഏറെ സ്വാധീനിച്ചിരുന്നു. സൈനിക സേവനവും ഇഷ്ടമായിരുന്നു. സ്കൂൾ പഠനത്തിനുശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിന് ചേർന്നു. ഈ സമയം എൻ സി സിയുടെ 7 യു പി എയർ സ്ക്വാഡ്രണിന്റെ ഭാഗമായിരുന്നു ശിവാംഗി. പഠനം പൂർത്തിയാക്കിയശേഷം 2016ലാണ് എയർഫോഴ്സ് അക്കാഡമിയിൽ പരിശീലനത്തിന് ചേർന്നത്.

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റഫേൽ യുദ്ധവിമാനങ്ങൾ അടുത്തിടെയാണ് ഔദ്യാേഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അടുത്തവർഷം അവസാനത്തോടെമാത്രമേ എല്ലാ വിമാനങ്ങളും ഇന്ത്യക്ക് ലഭിക്കൂ. റഫേൽ വിമാനം ശബ്ദത്തിന്റെ ഇരട്ടിയോളം വേഗതയിൽ കുതിക്കും. ശത്രുവിന്റെ പ്രദേശങ്ങളിലേക്ക് ചെന്ന് ആക്രമിക്കാൻ ‌ഈവിമാനങ്ങൾക്ക് പ്രത്യേക കഴിവുണ്ട്.