clay-pots

ആറ്റിങ്ങൽ: കൊവിഡ് മഹാമാരി മൂലം ഉത്സവങ്ങൾ ഇല്ലാതായതോടെ മൺപാത്ര നിർമ്മാണവും വിപണനവും നടത്തുന്നവരും പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. നിർമ്മാണം കുറഞ്ഞതോടെ വ്യാപാരികളിൽ പലരും തമിഴ്നാട്ടിൽ നിന്നാണ് ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്. ഉത്സവ സീസൺ മുന്നിൽക്കണ്ടാണ് ലക്ഷങ്ങൾ കടംവാങ്ങി ഇറക്കുമതി നടത്തിയത്. ഇതിന്റെ ചെറിയൊരു ശതമാനം പോലും വിറ്റഴിക്കാൻ സാധിച്ചിട്ടില്ല. അടുക്കളകളിൽ സ്റ്റീൽ പാത്രങ്ങളുടെ കടന്നുകയറ്റത്തോടെ മൺപാത്രവിപണി പൊതുവേ നിർജീവമായിരുന്നു. എന്നാൽ, കളിമൺ പാത്രങ്ങളുടെ ആരോഗ്യപരമായ ഗുണങ്ങൾ തിരിച്ചറിഞ്ഞതോടെ വില്പനയിൽ വലിയ മാറ്റം വന്നു. സാധാരണക്കാർ മുതൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരടക്കം മൺപാത്രങ്ങൾ വാങ്ങുന്നതിന് താത്പര്യം കാണിച്ചുതുടങ്ങി. ഇതിനെല്ലാമുപരി ഉത്സവങ്ങളാണ് വിപണിയെ താങ്ങിനിറുത്തിയിരുന്നത്. ഇതാണ് കൊവിഡിന്റെ വരവിൽ ഇല്ലാതായത്. ഓണക്കാലത്തെ കച്ചവടം മുന്നിൽക്കണ്ട് വ്യാപാരികളിൽ പലരും മുമ്പു തന്നെ വൻതോതിൽ പാത്രങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.

. വേളാർകുടിയുടെ പ്രതാപവും മങ്ങി

ആറ്റിങ്ങൽ വേളാർകുടി പ്രദേശം ഒരു കാലത്ത് ജില്ലയിലെ പ്രധാന മൺപാത്ര ഉത്പാദന കേന്ദ്രമായിരുന്നു. പാചകത്തിനാവശ്യമായ വ്യത്യസ്തമായ പാത്രങ്ങൾ, പൂച്ചട്ടികൾ, പ്രദർശന വസ്തുക്കൾ, വിളക്കുകൾ, ആരാധനാ ചടങ്ങുകൾക്കാവശ്യമായ പാത്രങ്ങൾ എന്നിവയെല്ലാം ഒരുകാലത്ത് ഇവിടെ നിർമ്മിച്ചിരുന്നു. വേളാർ സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു മൺപാത്ര നിർമ്മാണം. വില്പന കുറയുകയും സാദ്ധ്യതകൾ അസ്തമിക്കുകയും ചെയ്‌തോടെ ഇവിടുത്തെ നിർമ്മാണം നിലച്ചു. വേളാർകുടി എന്ന പേര് തന്നെ പുനർനാമകരണം ചെയ്ത് എ.സി.എ.സി നഗർ എന്നാക്കി. ഇന്ന് പാത്രങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് വിപണനം ചെയ്യുകയാണ് ഇവിടത്തുകാർ ചെയ്യുന്നത്. എന്നാൽ, അവരും ഇന്ന് പ്രതിസന്ധിയുടെ നടുവിലായി.

ജില്ലയിൽ മൺപാത്ര നിർമ്മാണം കുറഞ്ഞു

തിരിച്ചടിയായി മെറ്റൽ പാത്രങ്ങളുടെ വരവ്

ഉത്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്

പ്രധാന വില്പന ഉത്സവ സീസണുകളിൽ

കൊവിഡ് മഹാമാരി പ്രതിസന്ധിയായി

ഓണക്കാല കച്ചവടവും കൊവിഡ് തകർത്തു

വ്യാപാരികൾ കടക്കെണിയുടെ നടുവിൽ

പ്രളയക്കെടുതി കഴിഞ്ഞ ഓണത്തിന് കച്ചവടം നഷ്ടത്തിലാക്കിയെങ്കിൽ ഇപ്പോൾ കൊവിഡും ലോക്ക് ഡൗണുമൊക്കെ തിരിച്ചടിയായി. കഴിഞ്ഞ കുറേ വർഷങ്ങളിലായി ഓണ വിപണിയിൽ മൺപാത്ര കച്ചവടം വലിയ തളർച്ചയാണ് നേരിടുന്നത്. ഇക്കുറി ഓണം തന്നെ മങ്ങിയതോടെ പ്രതീക്ഷകൾ തകർന്നു. കടമായി വാങ്ങിയ മൺപാത്രങ്ങൾ വില്ക്കാതെ കൂട്ടിയിട്ടിരിക്കുകയാണ്. കടം എങ്ങനെ വീട്ടുമെന്ന ചിന്തയിലാണ് എല്ലാവരും.

മൺപാത്ര വ്യാപാരികൾ, എ.സി.എ.സി നഗർ