eee

മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അനവധിയാണ്. അതിൽ പാരമ്പര്യം വളരെ പ്രധാനമാണ്. തഴച്ചുവളർന്ന മുടി എല്ലാവരും കൊതിക്കുന്നില്ലെങ്കിലും ഉള്ള മുടി നന്നായി സൂക്ഷിക്കണമെന്നത് ഏതൊരു പെൺകുട്ടിയുടെയും ഉള്ളിലുള്ള മോഹമാണ്. എന്നാൽ പെട്ടന്നൊരു ദിവസം ഞെട്ടിപ്പിച്ചു കൊണ്ട് മുടി പൊഴിയുമ്പോൾ പല മരുന്നുകൾക്കും പിന്നാലെ ഓടി സമയം കളയും. പാരമ്പര്യം മുതൽ ചില മരുന്നുകളുടെ ഉപയോഗം വരെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. മുടിയുടെ സ്വഭാവം എല്ലാവരിലും ഒന്നു പോലെയല്ല. യഥാർത്ഥ പ്രശ്നം എവിടെയാണെന്ന് കണ്ടത്തി വേണ്ട സമയത്ത് ചികിത്സിക്കുക എന്നതും മുടി കൊഴിച്ചിൽ തടയുന്നതിൽ പ്രധാനമാണ്. ഇതോടൊപ്പം ചെറിയ കാര്യങ്ങളിൽ അൽപ്പം ശ്രദ്ധിക്കുന്നതും മുടി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിൽ പ്രധാനമാണ്.
എണ്ണകൾ ഇങ്ങനെ

*നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേര തൈലം, ചെമ്പരത്യാദി കേരം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം തുടങ്ങിയ എണ്ണകൾ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

*മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കാൻ കറിവേപ്പില ഇട്ടു കാച്ചിയ വെളിച്ചെണ്ണ വളരെയധികം നല്ലതാണ്.

*അയ്യപ്പാകേരതൈലം, പാമാന്തക തൈലം എന്നിവ താരന്റെ ശല്യം കുറയ്‌ക്കും.

*കയ്യോന്നിയിലയും നെല്ലിക്കയും ചതച്ചതും ഇരട്ടിമധുരവും തേങ്ങാപാലും കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് മുടികൊഴിച്ചിലകറ്റും.

*ചുവന്നുള്ളി അരിഞ്ഞത് വെളിച്ചണ്ണയിൽ മൂപ്പിച്ച് തലയിൽ തേയ്‌ക്കുന്നത് മുടികൊഴിച്ചിൽ തടയും.

*എണ്ണ തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പുവോ ഉപയോഗിച്ച് കഴുകി കളയാൻ മറക്കരുത്. തലയോട്ടിയിലെ എണ്ണമയം താരൻ വർദ്ധിപ്പിക്കും.

മുടിവളരാൻ പായ്‌ക്കുകൾ

*ഹെന്നയിടുന്നത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട് മുട്ട, ഒരു ടീസ്‌പൂൺ ഉലുവാപ്പൊടി, മൈലാഞ്ചിപ്പൊടി, നാല് ടീസ്‌പൂൺ നാരങ്ങാനീര്, നാല് ടീസ്‌പൂൺ കാപ്പിപ്പൊടി, രണ്ട് മുട്ട എന്നിവ യോജിപ്പിച്ച് തേയില ഇട്ടു തിളപ്പിച്ച വെള്ളം ചേർത്ത് കുഴക്കുക. ഒരു മണിക്കൂറിനു ശേഷം നന്നായി മുടിയിൽ തേച്ച് പിടിപ്പിക്കുക. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.

*തേങ്ങാപാലും ചെറുപയർപൊടിയും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് താരനും എണ്ണമയവും അകറ്റും.

*ഉലുവ കുതിർത്തത് നന്നായി അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനുള്ളിൽ കഴുകിക്കളയാം.

*ആര്യവേപ്പില വെളളത്തിൽ കുതിർത്തതിനു ശേഷം അരച്ച് തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയുക. താരനകറ്റി മുടി തഴച്ചു വളരുന്നതിന് ഇത് സഹായിക്കും.

*ആര്യവേപ്പിന്റെ തൊലി അരച്ചു പുരട്ടുന്നതും താരനും മുടികൊഴിച്ചിലും അകറ്റും.

*നേന്ത്രപ്പഴവും തേനും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് മുടിക്ക് ആരോഗ്യവും തിളക്കവും നൽകും.

*ഒരു കോഴിമുട്ടയുടെ വെള്ളയും രണ്ടു സ്‌പൂൺ ചെറുനാരങ്ങാ നീരും യോജിപ്പിച്ച് പുരട്ടി ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയുക. തലമുടി തഴച്ചു വളരും.