cc

തിരുവനന്തപുരം: എന്തൊക്കെ മോഹന വാഗ്ദാനങ്ങൾ.. നേമം റെയിൽവേ സ്റ്റേഷനിൽ വികസനം നടത്തുമെന്ന് പറയാൻ തുടങ്ങിയിട്ട് കൊല്ലങ്ങളായി. പദ്ധതികൾ പലതും പ്രഖ്യാപിച്ചതാണ്. എന്നിട്ടും ഒന്നുമുണ്ടായില്ല. ഏറ്റവുമൊടുവിലിതാ, നേമത്ത് കോച്ചിംഗ് ടെർമിനൽ പദ്ധതിക്ക് തറക്കല്ലിട്ടിരിക്കുന്നു. ദീർഘനാളത്തെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ശേഷം കഴിഞ്ഞ വർഷം മാർച്ച് 7നാണ് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ കോച്ചിംഗ് ടെർമിനലിന് വീഡിയോ കോൺഫറൻസിംഗ് വഴി തറക്കല്ലിട്ടത്. ഒരുവർഷം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പണി ഒട്ടും മുന്നോട്ട് നീങ്ങിയിട്ടില്ല. അതിനിടെ കൊവിഡ് കൂടി പടർന്നതോടെ പദ്ധതിക്ക് വേഗത തീരെക്കുറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും ട്രെയിനുകൾ പുറപ്പെടാനും യാത്ര അവസാനിപ്പിക്കാനും സൗകര്യമുള്ള സ്റ്റേഷനാക്കി നേമത്തെ വളർത്തുകയാണ് കോച്ചിംഗ് ടെർമിനൽ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കൊച്ചുവേളിയിൽ തിരുവനന്തപുരത്തേക്ക് വരുന്ന കോച്ചുകളുടെ മെയിന്റനൻസ് നടക്കുന്നുണ്ട്. നേമം കൂടി കോച്ചിംഗ് ടെർമിനലായി മാറിയാൽ തലസ്ഥാനത്ത് റെയിൽവേയുമായി ബന്ധപ്പെട്ട് വലിയ വികസനമാവും സാദ്ധ്യമാകുക.

ഇഴഞ്ഞുനീങ്ങി ഒന്നാംഘട്ടം

പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചത്ര വേഗത പോര. റെയിൽവേയിൽ നിന്ന് പണം കിട്ടിയാലേ ഭൂമി ഏറ്രെടുക്കൽ നടത്താൻ കഴിയൂവെന്നാണ് സർക്കാരിന്റെ നിലപാട്. 116.57 കോടി രൂപയാണ് ആദ്യ ഘട്ട വിശദ പ്രോജക്ട് റിപ്പോർട്ടിലുള്ളത് (ഡി.പി.ആർ). 15 കോടി രൂപയുടെ പ്രവർത്തനമാണ് ആദ്യം തുടങ്ങിയത്. 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളുടെയും 750 മീറ്റർ നീളമുള്ള ട്രാക്കിന്റെയും പണിയാണ് ഇപ്പോൾ പൂ‌ർത്തിയാകാതെ കിടക്കുന്നത്. അതേസമയം നാഗർകോവിൽ സ്റ്റേഷൻ വിപുലീകരണത്തിനായി തമിഴ്നാട് സർക്കാർ ശ്രമം ശക്തമാക്കിയിട്ടുണ്ട്. അവിടെ ഭൂമിക്കും പ്രശ്‌നമില്ല.

നേമം കാത്തിരിക്കുന്നത്

 5 സ്റ്റേബ്ലിംഗ് ലൈനുകൾ

 ഒരു കോമൺ ലൂപ്

 ഒരു അപ് മെയിൻ ലൈൻ

 ഒരു ‌ഡൗൺ മെയിൻ ലൈൻ

 മൂന്ന് റെയിൽവേ ഓവർബ്രിഡ്ജും ഒരു അക്വഡക്റ്രും

 ഒരു ഫുട് ഓവർബ്രിഡ്ജ്

 ഒരു ഷണ്ടിംഗ് നെക്ക്

 ഇന്റഗ്രേറ്റഡ് സിക്ക് ലൈൻ

 വർക്ക് ഷോപ്പ്, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്


''

സംസ്ഥാനം ഭൂമിയേറ്റെടുത്തു നൽകാത്തതുകൊണ്ടാണ് പ്രവർത്തനം നിലച്ചത്. ഭൂമിയേറ്റെടുക്കാനുള്ള പ്രവർത്തനം തുടങ്ങണം. സ്ഥലം ഇല്ലാത്തതു കൊണ്ടാണ് നേമത്തെ ജോലികൾ നടക്കാത്തത്. പ്രോജക്ട് കേന്ദ്രം അംഗീകരിച്ചതാണ്. സംസ്ഥാന സർക്കാരിന്റെ അലംഭാവം കാരണമാണ് പ്രവർത്തനം വൈകുന്നത്.

ഒ.രാജഗോപാൽ എം.എൽ.എ

''

തിരുവനന്തപുരം മുതൽ നേമം വരെ പാത ഇരട്ടിപ്പിക്കലിനും നേമത്ത് കോച്ചിംഗ് ടെർമിനൽ സ്ഥാപിക്കുന്നതിനുമായി 35 ഏക്കറിലധികം ഭൂമി വേണം. സ്ഥലമേറ്റെടുക്കാൻ 207 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, കേന്ദ്രം അനുവദിച്ച 133 കോടിയിൽ 5 കോടി മാത്രമേ എൻജിനിയറിംഗ് ഇതര പ്രവ‌ൃത്തികൾക്ക് ഉപയോഗിക്കാൻ പറ്രൂ. ഭൂമിയേറ്റെടുക്കാൻ പണം വേണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേയെ അറിയിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ്