ഒരിക്കലെങ്കിലും മൊബൈൽ ഗെയിമായ ടെമ്പിൾ റണ്ണിലേത് പോലെ യഥാർത്ഥ്യത്തിൽ നിധി വേട്ടയ്ക്കിറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാൽ, ഒരു സാഹസിക യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ? എങ്കിൽ അമേരിക്കൻ സംസ്ഥാനമായ മിഷിഗണിലേക്ക് വിട്ടോളൂ. അവടെ ഒരു നിധിവേട്ട മത്സരം നടക്കുന്നുണ്ട്. മത്സരത്തിന്റെ ഭാഗമായി 7 കോടി രൂപയുടെ സ്വർണ്ണനിധിയാണ് പലയിടങ്ങളിലായി ഒരു ജൂവലറി ഉടമ കുഴിച്ചിട്ടിരിക്കുന്നത്. അത് കണ്ടെത്താൻ ചില സൂചനകൾ ഉണ്ട്. എന്നാൽ സൂചനകൾ ലഭിക്കണമെങ്കിൽ കാശ് കൊടുക്കേണ്ടിവരും.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം ജൂവലറി ബിസിനസ് തകർന്ന ജോണി പേറിയാണ് ഈ മത്സരം ആരംഭിച്ചത്. പിതാവിൽ നിന്നാണ് ജോണിക്ക് ഈ കട ലഭിക്കുന്നത്. ബിസിനസ് പഠിച്ച ശേഷം ജോണി ആ ജൂവലറിയുടെ ഉടമയായി. പക്ഷേ, കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം തന്റെ കട പൂട്ടേണ്ട സാഹചര്യം വന്നപ്പോഴാണ് ജോണിക്ക് ഈ ആശയം ഉദിച്ചത്. രണ്ട് വഴികൾ ആണ് അദ്ദേത്തിന്റെ മുന്നിൽ ഉണ്ടായിരുന്നത്. ഒന്നുകിൽ എല്ലാം വിറ്റ് കാശാക്കുക, അല്ലെങ്കിൽ ആഭരണങ്ങൾ ഉപയോഗിച്ച് പണം സമ്പാദിക്കാൻ പുതിയ മാർഗം കണ്ടെത്തുക. അതിൽ നിന്നാണ് നിധിവേട്ട മത്സരം എന്ന ആശയം വന്നത്.
ഓരോ ആഴ്ചയും നിധിയുടെ ഓരോ ഭാഗത്തിന് വേണ്ടിയുള്ള മത്സരങ്ങൾ ഉണ്ടായിരിക്കും. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. നിധി കണ്ടെത്തിയാൽ അത് മത്സരാർത്ഥിക്ക് തന്നെ സ്വന്തമാക്കാം. ആദ്യത്തെ നിധി വേട്ട ഓഗസ്റ്റ് 15 നാണ് ആരംഭിച്ചത്. ആദ്യ മത്സരത്തിന് പങ്കെടുക്കാനുള്ള ടിക്കറ്റ് നിരക്ക് 4000 രൂപയാണ്. ഈ വില വരുന്ന ടിക്കറ്റുകൾ മുഴുവനും വളരെ വേഗത്തിൽ വിറ്റഴിഞ്ഞു. രണ്ടാമത്തെ മത്സരം സെപ്തംബർ 13 ന് ആയിരുന്നു. ഈ നിധിക്ക് മൂല്യം കൂടുതൽ ആയതുകൊണ്ട് തന്നെ 4500 രൂപയാണ് ടിക്കറ്റിന് നൽകേണ്ട വില. അടുത്ത മത്സരം സെപ്തംബർ 26നാണ്, ഈ മത്സരത്തിന്റ ടിക്കറ്റുകളും ഏകദേശം വിറ്റ് പോയി കഴിഞ്ഞു. ടിക്കറ്റ് എടുത്തോ എടുക്കാതെയോ സൂചനകൾ പങ്കുവച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. ജോണി ട്രഷർ ക്വെസ്റ്റ് എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകൾ ഓൺലൈനായി വാങ്ങേണ്ടത്.