അഹമ്മദാബാദ്: അച്ഛനേയും അമ്മയേയും കുട്ടിക്കാലത്ത് കടിച്ച് കൊച്ചു കൊച്ചു വികൃതികൾ ഒപ്പിക്കുന്ന മക്കളെയൊക്കെ നമ്മൾ ധാരാളം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാൽ മകനെ കടിച്ച് വലിച്ച് പരിക്കേൽപ്പിച്ച അച്ഛനെപ്പറ്റി നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? വിദേശത്തൊന്നുമല്ല, ഇന്ത്യയിൽ തന്നെയാണ് സംഭവം. ഗുജറാത്തിലെ ദരിയാപുർ സ്വദേശിയായ യഹിയ ഷെയ്‌ഖാണ് തന്നെ കടിച്ചതിന് അമ്പതുകാരനായ പിതാവ് നഹിമുദിൻ ഷെയിഖിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
നഹിമുദീൻ ഷെയ്‌ഖിന് ആദ്യ ഭാര്യ ഇരിക്കെ തന്നെ രണ്ടാമതും വിവാഹം കഴിക്കാൻ താത്പര്യമുണ്ടായിരുന്നു. ഇക്കാര്യം അയാൾ വീട്ടിൽ അവതരിപ്പിച്ചു. എന്നാൽ പിതാവിന്റെ ആവശ്യത്തിന് മുഖം കൊടുക്കാൻ യഹിയ തയ്യാറായിരുന്നില്ല. രണ്ടാംവിവാഹത്തെ എതിർത്തതിനെ തുടർന്നാണ് പിതാവ് ഇയാളെ കടിച്ച് പരിക്കേൽപ്പിച്ചത്. തന്റെ ശരീരമാസകലം കടിച്ച് പരിക്കേൽപ്പിച്ചെന്നാണ് യഹിയ ഷെയ്ഖിന്റെ ആരോപണം.
കഴിഞ്ഞ ദിവസം വൈകിട്ട് വീടിന്റെ മുകൾനിലയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പിതാവ് തടഞ്ഞുനിർത്തി കവിളിലും ചുമലിലും മുതുകിലും കടിച്ചെന്നാണ് യഹിയ പരാതിയിൽ പറയുന്നത്. തടയാനെത്തിയ മാതാവ് സുബേദാബാനുവിന്റെ മുഖത്ത് അടിച്ചതായും പരാതിയിലുണ്ട്. യഹിയ ഷെയ്ഖും മാതാവും വീടിന്റെ മുകൾനിലയിലും നഹീമുദീൻ ഷെയ്ഖ് താഴത്തെ നിലയിലുമായിരുന്നു താമസം.
കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ഭാര്യയേയും മകനെയും അകറ്റിനിർത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടാമതും വിവാഹം കഴിക്കാൻ ആലോചിച്ചത്. എന്നാൽ ഇക്കാര്യമറിഞ്ഞ മകൻ പിതാവിന്റെ രണ്ടാം വിവാഹത്തെ എതിർത്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്.