murali-mohanlal

25 വർഷം മുമ്പാണ് മുരളി പ്രധാന കഥാപാത്രമായി പ്രായിക്കരപാപ്പാൻ എന്ന സിനിമ ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ ഇറങ്ങുന്നത്.ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിന് അവാർഡുകളും കിട്ടി. പ്രായിക്കരപാപ്പാനായി താൻ മനസിൽ കണ്ടത് മോഹൻലാലിനെ ആയിരുന്നു എന്ന് മനസ്സ് തുറക്കുകയാണ് സംവിധായകൻ ടി.എസ് സുരേഷ് ബാബു.

"ഒരു പടത്തിന്റെ സ്ക്രിപ്റ്റ് വർക്കുമായി തിരുവനന്തപുരത്ത് ഉള്ള സമയത്താണ് ഷാജി പാണ്ടവത്ത് അദ്ദേഹം എഴുതിയ ഒരു കഥയ്ക്ക് സജഷൻസ് ചോദിക്കുന്നത്. വളരെ നല്ല കഥ ആയിരുന്നു അത്, കൊമെഴ്ഷ്യൽ അല്ലാത്ത ഒരു ക്ലാസിക് പടം. എനിക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു. അത് മറ്റൊരു സംവിധായകനു വേണ്ടി എഴുതിയത് ആയിരുന്നു.

ആ സംവിധായകന് അത് ഇഷ്ടമായില്ലെങ്കിൽ നല്ലൊരു കൊമെഴ്ഷ്യൽ പടമായി ഇത് ചെയ്യാം എന്ന് ഞാൻ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ഷാജി വിളിച്ചു. കഥയിലെ ടെക്നിക്കുകൾ ഇന്ത്യയിൽ ചെയ്യാൻ പറ്റില്ല അത് കൊണ്ട് പടം ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചു എന്ന് പറഞ്ഞു.

അങ്ങനെ കഥ ഞങ്ങൾ കൊമെഴ്ഷ്യലായി ചെയ്യാൻ തീരുമാനിച്ചു.മോഹൻലാൽ ആയിരുന്നു എന്റെ മനസിൽ. രണ്ട് മൂന്ന് പാട്ട്, ആക്ഷൻ അങ്ങനെ ആയിരുന്നു എന്റെ മനസിൽ. ഷാജിയ്ക്ക് താൽപര്യം മുരളിയും. ആദ്യത്തെ കഥ വച്ച് മുരളിയായിരുന്നു നല്ലത്. പക്ഷേ കൊമെഴ്ഷ്യൽ ആകുമ്പോൾ മോഹൻലാൽ ആണ് കുറച്ചു കൂടെ നല്ലത് എന്നാണ് എനിക്ക് തോന്നിയത്.

അങ്ങനെ മോഹൻലാലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുമ്പോൾ എനിക്ക് മുരളിചേട്ടന്റെ കോൾ വന്നത്.ഷാജി കഥ പറഞ്ഞുവെന്നും കഥ വളരെ ഇഷ്ടമായി ഇത് നമ്മുക്ക് ചെയ്യണം എന്നായിരുന്നു മുരളിചേട്ടൻ പറഞ്ഞത്.

ഷാജി ആദ്യമേ മുരളിചേട്ടനോട് പറഞ്ഞിരുന്നു. അന്ന് കഥയ്ക്ക് വാരിക്കുഴി എന്നോ മറ്റോ ആയിരുന്നു പേരിട്ടത്. ഞാൻ വല്ലാത്ത ധർ‌മ്മ സങ്കടത്തിലായി, ഷാജിയാണെങ്കിൽ മുരളിചേട്ടൻ ചെയ്യുവാണെങ്കിൽ ഗംഭീരമാകും എന്ന് പറഞ്ഞു കൊണ്ടെയിരുന്നു. പിന്നെ പിറ്റേ ദിവസം തന്നെ മുരളിചേട്ടനെ കണ്ട് കഥ പറഞ്ഞു, പടത്തിന് പ്രായിക്കരപാപ്പാൻ എന്ന് പേരുമിട്ട് തുടങ്ങി.

ഇതിലെ ജഗദീഷ് പാടുന്ന ഒരു പാട്ടുണ്ട്.അത് ആദ്യം ഇടുന്നത് മോഹൻലാലിന്റെ കാറിലാണ്. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ പടം ചെയ്തെനെ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹൻലാലിന്റെ രീതിയിലാണെങ്കിൽ കഥ മറ്റൊരു തരത്തിലേക്ക് വന്നേനെ".