anurag-kashyap-

മുംബയ് : സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗകേസ് രജിസ്റ്റർ ചെയ്തു. നടി പായൽ ഘോഷിന്റെ പരാതിയിൽ മുംബയ് വെർസോവ പൊലീസാണ് കശ്യപിനെതിരെ കേസെടുത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് നടി പായൽ ഘോഷ് കശ്യപിനെതിരെ സോഷ്യൽ മീഡിയയിലൂടെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കശ്യപിന്റെ വീട്ടിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പായൽ ഘോഷ് ആരോപണം ഉയർത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് അഭിഭാഷകൻ നിതിൽ സത്പുതിനൊപ്പം നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് നടി പരാതി നൽകിയത്. ആദ്യം മുംബയ് ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകാൻ തീരുമാനിച്ചിരുന്നതെങ്കിലും വനിതാ പൊലീസിന്റെ അഭാവത്താൽ വെർസോവ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു എന്ന് നിതിൻ സത്പുത് പറഞ്ഞു. പരാതി ലഭിച്ച കാര്യം വെർസോവ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2013ൽ വെർസോവയിൽ വച്ച് കശ്യപ് ബലാത്സംഗം ചെയ്തെന്നാണ് പായൽ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കശ്യപിനെ ചോദ്യം ചെയ്യും.

എന്നാൽ പായലിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് കശ്യപ് നേരത്തെ പറഞ്ഞിരുന്നു. ' ബോംബെ വെൽവെറ്റ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പായൽ ആരോപിച്ചിരുന്നത്. ആദ്യ രണ്ട് തവണ കശ്യപിന്റെ വീട്ടിൽ വച്ച് ദുഃരനുഭവം ഒന്നും ഉണ്ടായില്ലെന്നും എന്നാൽ മൂന്നാം തവണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ മോശം രീതിയിലാണ് കശ്യപ് പെരുമാറിയതെന്നും പായൽ പറയുന്നു. അതേ സമയം, അനുരാഗ് കശ്യപിനെ പിന്തുണച്ച് മുൻ ഭാര്യയും നടിയുമായ കൽകി കൊച്ച്‌ലിൻ ഉൾപ്പെടെ ബോളിവുഡിൽ നിന്നും പ്രമുഖർ രംഗത്തെത്തിയിരുന്നു.