left-protest

ന്യൂഡൽഹി: കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത് ക്യാമ്പിലേക്കാണെന്ന് ഉറപ്പിച്ച് പാർലമെന്റിൽ ജോസ് കെ മാണിയുടെ ചടുല നീക്കം. കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പടെ എട്ട് എം.പിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് സമീപം ഇന്ന് നടത്തിയ പ്രതിഷേധത്തിലാണ് ഇടതുപക്ഷ എം.പിമാർക്കൊപ്പം ജോസ് കെ മാണിയും പങ്കെടുത്തത്.

സി.പി.എമ്മിന്റെ രാജ്യസഭ എം.പിമാരായ സോമപ്രസാദ്, എളമരം കരീം, കെ.കെ രാഗേഷ്, സി.പി.ഐ അംഗം ബിനോയ് വിശ്വം സി.പി.എമ്മിന്റെ ലോക്‌സഭയിലെ പ്രതിനിധി എ.എം ആരിഫ് എന്നിവർക്കൊപ്പമാണ് കേന്ദ്രത്തിനെതിരെ പ്ലക്കാർഡുമായി ജോസ് കെ മാണി സമരത്തിൽ പങ്കാളിയായത്. കേരളത്തിൽ മുന്നണി മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നപ്പോഴും കേന്ദ്രത്തിൽ യു.പി.എയുടെ ഭാഗമായി നിൽക്കുമെന്ന് പലവട്ടം നിലപാട് വ്യക്തമാക്കിയ ജോസ് കെ മാണിയുടെ നീക്കം യു.ഡി.എഫിനേയും യു.പി.എയേയും ഞെട്ടിപ്പിച്ചിട്ടുണ്ട്.

കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷമെന്നൊക്കെ പറഞ്ഞ് തത്ക്കാലം ആശ്വസിക്കാമെങ്കിലും ജോസ് നൽകുന്ന സന്ദേശം വ്യക്തമാണ്. ഈ മാസം അവസാനത്തോടെ ജോസ് കെ മാണിയെ ഒപ്പം കൂട്ടുന്നത് ഇടതു മുന്നണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ജോസ് കെ മാണി എൽ.ഡി.എഫിലേക്ക് എത്താനുള്ള എല്ലാവിധ പിൻവാതിൽ ചർചകളും പൂർത്തിയായി കഴിഞ്ഞു. വർഷങ്ങളായി കടുത്ത ഇടതുവിരോധികളായ അണികളെ മുന്നണി വിടാനുള്ള സാഹചര്യം മനസിലാക്കിപ്പിക്കണം എന്നതാണ് സി.പി.എം ജോസ് കെ മാണിക്ക് നൽകിയിരിക്കുന്ന നിർദേശം. യു.ഡി.എഫിൽ നിന്ന് ലഭിച്ച രാജ്യസഭാ സീറ്റ് ജോസ് രാജിവയ്‌ക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

സി.പി.ഐയെ തൃപ്തിപ്പെടുത്തുന്ന ഫോർമുലയാകും സീറ്റ് വിഭജന കാര്യത്തിൽ ഉൾപ്പടെ സി.പി.എം സ്വീകരിക്കുക. പത്തോ അതിനടുത്തോ സീറ്റുകൾ കേരള കോൺഗ്രസിന് എന്നുള്ളതാണ് സി.പി.എം വാഗ്ദാനമെന്നാണ് സൂചന. ജോസ് കെ മാണി വരുന്നത് കൊണ്ട് കോട്ടയം,പത്തനംതിട്ട ജില്ലികളിലെ ചില മണ്ഡലങ്ങളിലും മലയോര മണ്ഡലങ്ങളിലും നേട്ടമുണ്ടാകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.