അടച്ചുറപ്പുള്ള ചെറിയൊരു വീട് സംസ്ഥാനത്തെ എല്ലാവര്‍ക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ്മിഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചത് . അടുത്ത അഞ്ചു വര്‍ഷത്തിനിടെ ഈ ലക്ഷ്യം പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുളളത്. തീരദേശ വാസികള്‍, തോട്ടം തൊഴിലാളികള്‍, പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുവാനും ലൈഫ് മിഷന്‍ ഉദ്ദേശിക്കുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് വാസസ്ഥലം നല്‍കുക എന്നത് മഹത്തായ ഒരു ലക്ഷ്യമായിരുന്നു. പദ്ധതി തുടങ്ങി ആദ്യഘട്ടത്തില്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ അമ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് നല്‍കാന്‍ ഈ പദ്ധതിക്കായി.
സാമൂഹിക സുരക്ഷ പദ്ധതിയും ഇത്തരം ഭവനപദ്ധതിക്കൊപ്പം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പഴയ പദ്ധതിയുടെ ഭാഗമായി വീട് ലഭിക്കുകയും പിന്നീടത് വാസയോഗ്യമല്ലാതാവുകയും ചെയ്തവരെയും , മുന്‍പ് വീട് ലഭിച്ചുവെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവരെയും, സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീട് വയ്ക്കാന്‍ നിവൃത്തിയില്ലാത്തവരെയും, ഭൂമിയും വീടും ഇല്ലാത്തവരെയും ലൈഫ് മിഷനില്‍ പരിഗണിച്ചിരുന്നു.
ഒരിടത്ത് തന്നെ ഫ്ളാറ്റ് മോഡലില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് നൂറിലധികം കുടുബള്‍ക്ക് ഒരിടത്ത് താമസസൗകര്യമൊരുക്കുവാനും ലൈഫ് മിഷനില്‍ പദ്ധതിയുണ്ടായിരുന്നു. ലൈഫ് മിഷന്‍ ഒന്നാം ഘട്ടം വിജയകരമായിരുന്നു. എന്നാല്‍ ഇതിന്റെ രണ്ടാംഘട്ടം പാതി വഴിയിലെത്തിയപ്പോഴാണ് പുതിയ വിവാദങ്ങള്‍ ലൈഫ് മിഷനെ പിടികൂടുന്നത്. ഇത്തരം വിവാദങ്ങള്‍ എന്ത് കൊണ്ട്, ഇത് ഏതു തരത്തില്‍ ലൈഫ് മിഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നെല്ലാം നേര്‍ക്കണ്ണ് ഈ ലക്കത്തിലൂടെ പരിശോധിക്കുന്നു.