കാഠ്മണ്ഡു: നേപ്പാളിലെ ഹുംല ജില്ലയിൽ ചൈന കൈയേറി വീട് പണി നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കാഠ്‌മണ്ഡുവിലെ ചൈനീസ് എംബസിയുടെ മുന്നിലാണ് തദ്ദേശീയർ ചൈനീസ് അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്നത്. 'ചൈന പിൻവാങ്ങുക' എന്നെഴുതിയ പ്ളക്കാർഡുമായി നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചെന്ന് നേപ്പാളി മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ട്. നേപ്പാൾ അധികൃതർ കൈയേറ്റമുണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ കൈലാസ പർവതത്തിന് അരികിലാണ് നേപ്പാളിലെ ഈ ഗ്രാമം.
ഹുംല ജില്ലയിൽ രഹസ്യമായി വീടുകൾ നിർമ്മിക്കുകയും തദ്ദേശീയരായ നേപ്പാളി പൗരന്മാരെ അതുവഴി കടക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് ചൈനയെന്ന് പ്രദേശത്തെ ജനങ്ങൾ ആരോപിച്ചു. നേപ്പാളി അതിർത്തിയിൽ അനുമതിയില്ലാതെ ഒൻപത് കെട്ടിടങ്ങളാണ് ചൈന പണികഴിപ്പിച്ചത്.