ലണ്ടൻ: പതിനെട്ട് മാസത്തോളം ഒരു ഗ്രാമത്തിന്റെ മുഴുവൻ ബ്രോഡ്ബ്രാൻഡ് കണക്ഷനും അപഹരിച്ച "കള്ളനെ" അവസാനം കണ്ടെത്തി. ബ്രിട്ടനിലെ അബെർഹോസനിലാണ് കഴിഞ്ഞ പതിനെട്ട് മാസമായി രാവിലെ ഏഴ് മുതൽ ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് തടസം നേരിട്ടത്. ഇതിന്റെ കാരണം കണ്ടെത്താനായില്ല.
പരാതികളേറിയപ്പോൾ എൻജിനിയർമാർ അടക്കമുള്ള വിദഗ്ദ്ധ സംഘം അന്വേഷണത്തിനെത്തി. ഒടുവിൽ,സ്പെക്ട്രം അനലൈസർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ പ്രശ്നക്കാരനെ കണ്ടുപിടിച്ചു. ആരാണെന്നല്ലേ?, ഗ്രാമത്തിൽ ദീർഘകാലമായി താമസിക്കുന്ന വൃദ്ധദമ്പതികളുടെ പഴഞ്ചൻ ടി.വി.
വൃദ്ധ ദമ്പതികളായ അലൂൺ, എലനീ റീസ് എന്നിവരുടെ കിടപ്പുമുറിയിൽ സ്ഥാപിച്ച ടി.വിയിൽ നിന്നുള്ള ഇലക്ട്രിക് സിഗ്നലുകളാണ് ബ്രോഡ്ബാൻഡ് കണക്ഷനെ തകരാറിലാക്കിയത്. ലോക്ക്ഡൗൺ കാലത്ത് വിരസത അകറ്റാൻ മറ്റ് മാർഗങ്ങളില്ലാതിരുന്നതിനാൽ സ്ഥിരമായി ടി.വിയെ ആശ്രയിച്ചിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്. അയൽക്കാർ ഇന്റർനെറ്റ് തകരാറിലാണെന്ന് പരാതിപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഇതിന് കാരണം തങ്ങളുടെ ടി.വിയാണെന്ന് കരുതിയിരുന്നില്ലെന്ന് ദമ്പതികൾ പറഞ്ഞു. ഇപ്പോൾ, പുതിയ ടി.വി വാങ്ങാനുള്ള ഒരുക്കത്തിലാണ് ദമ്പതിമാർ. കർഷകരായിരുന്ന ഇവർ തനിച്ചാണ് താമസം. തകരാറ് കണ്ടെത്താനായി ബ്രോഡ്ബാൻഡ് കേബിളുകൾ മാറ്റി സ്ഥാപിക്കുക പോലും ചെയ്തിരുന്നു എൻജിനിയർമാർ. ഏതായാലും ഇപ്പോൾ പ്രശ്നമൊഴിഞ്ഞ സന്തോഷത്തിലാണ് ഗ്രാമവാസികൾ.