അനന്തപദ്മനാഭന്റെ ജീവിതം തന്നെ ക്രിക്കറ്റിനുവേണ്ടിയുള്ളതാണ്. ആ സമർപ്പണത്തിനുള്ള അംഗീകാരമാണ് ഇന്റർ നാഷണൽ ക്രിക്ക് കൗൺസിൽ അദ്ദേഹത്തെ അമ്പയർമാരുടെ ഏറ്റവും ഉയർന്ന തലമായ അന്താരാഷ്ട്ര മത്സരങ്ങൾ നിയക്കാൻ കഴിയുന്ന എലൈറ്റ് പാനലിൽ ഉൾപ്പെടുത്തിയത്. കരിയറിലെ ചില തീരുമാനങ്ങളെക്കുറിച്ച് അനന്തപദ്‌മനാഭൻ മനസു തുറക്കുന്നു...
ഐ.പി.എൽ ഒരു ഉത്സവമാണ്. ഗാലറിയിലെ ബഹളവും ലൈറ്റും കളിയുടെ വേഗവും എല്ലാം വലിയ വെല്ലുവിളിയാണ്. ഒരു തെറ്രായ തീരുമാനം കളിയുടെ ഗതി തന്നെ മാറ്റും. വലിയ തെറ്റുകളില്ലാതെ കളിനിയന്ത്രിക്കാൻ കഴിയുന്നതിൽ ദൈവത്തിന് നന്ദി പറയുകയാണ്. ഇത്തവണ ഇന്ത്യയ്‌ക്ക് പുറത്ത് കളി നിയന്ത്രിക്കാൻ കഴിയുന്നതിന്റെ സന്തോഷമുണ്ട്. കാണികൾക്ക് പ്രവേശനമില്ലാത്തതിനാൽ ശബ്‌ദം കുറവായിരിക്കും. ദുബായ്യിൽ ഗ്രൗണ്ടിലും ഹോട്ടലിലും മാത്രമായി അമ്പത് ദിവസത്തോളം കഴിയേണ്ടിവരും. പുറംലോകവുമായി ബന്ധമൊന്നുമുണ്ടാകില്ല. അതായിരിക്കും ഇത്തവണത്തെ ഏറ്റവും വലിയ വെല്ലുവിളി.
അമ്പയറായി ഗ്രൗണ്ടിലിറങ്ങിയാൽ സഞ്ജു സാംസണെപ്പോലെ നേരിട്ട് അറിയാവുന്ന താരങ്ങളോട് പോലും കുശലാന്വേഷണമോ തമാശ പറച്ചിലോ ഇല്ല. ഒന്നു ചിരിക്കും. അധികം ചങ്ങാത്തത്തിനു പോയാൽ നമ്മളെടുക്കുന്ന തീരുമാനത്തെ അത് ബാധിക്കുമെന്ന് മറ്റു കളിക്കാർ തെറ്രിദ്ധരിക്കും. അതിനാൽ തന്നെ ഗ്രൗണ്ടിൽ എല്ലാ കളിക്കാരുമായും ഒരകലം പാലിക്കും.
കളിക്കാരനായിരുന്ന കാലത്ത് പത്രത്തിൽ പേര് വരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അമ്പയറായപ്പോൾ പേര് വരരുത് എന്നായിരുന്നു. കാരണം അമ്പയർമാർക്ക് തെറ്ര് പറ്റുമ്പോഴേ അവരുടെ പേര് സാധാരണ പത്രങ്ങളിൽ വരാറുള്ളൂ. അതേസമയം കൃത്യമായ തീരുമാനമെടുത്തതിന്റെ പേരിൽ എവിടെ നിന്നും അങ്ങനെ അഭിനന്ദനമൊന്നും അമ്പയർമാർക്ക് കിട്ടാറില്ല. കളി നന്നായി നിയന്ത്രിച്ച ശേഷം ഹോട്ടൽ മുറിയിലെത്തി സ്വയം തോളിൽ തട്ടി വെൽഡൺ എന്ന് പറയുകയേ നിർവാഹമുള്ളൂ.