covid-19

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരവെ, രോഗബാധിതരാവുന്നവരിൽ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത് വീട്ടിലെ ചികിത്സ. കൊവിഡ് രോഗികളെ ചികിത്സിക്കാനായി തയ്യാറാക്കിയ ജില്ലയിലെ ഫസ്റ്റ് ‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ നിറഞ്ഞതും മതിയായ ജീവനക്കാരുടെ കുറവുമാണ് രോഗികളെ വീട്ടിൽ തന്നെ ചികിത്സ തേടാൻ നിർബന്ധിതരാക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പേരാണ് വീടുകളിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ മാസം മുതലാണ് വീട്ടിലെ ചികിത്സ ആരോഗ്യവകുപ്പ് തുടങ്ങിയത്. ആദ്യം ലക്ഷണമില്ലാത്ത ആരോഗ്യപ്രവർത്തകരായ കൊവിഡ് രോഗികളെ ആയിരുന്നു വീട്ടിൽ ചികിത്സിച്ചിരുന്നത്.

114 പേർ വീട്ടിൽ ചികിത്സയിലുള്ള വേളിയാണ് ഈ പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നിൽ 100 പേരുമായി പാങ്ങപ്പാറ, ചാല -78, വിളവൂർക്കൽ- 64 എന്നിങ്ങനെയാണ്. ആരോഗ്യവകുപ്പിന് എത് അടിയന്തര സാഹചര്യത്തിൽ വേണമെങ്കിലും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിലുള്ളവരെയാണ് വീട്ടിൽ ചികിത്സിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ഇവർക്കായി ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.

പ്രോത്സാഹനം

ആരോഗ്യവകുപ്പും വീട്ടിലെ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കൊവിഡ് കെയർ സെന്ററുകളെല്ലാം തന്നെ ഇപ്പോൾ ഏറെക്കുറെ നിറഞ്ഞുകഴിഞ്ഞു. ജില്ലയിൽ 27 ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ സെന്ററുകൾ സജ്ജമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇത് എവിടെയൊക്കെ വേണമെന്നുള്ളത് രോഗത്തിന്റെ തീവ്രബാധയുള്ള സ്ഥലങ്ങൾ കൂടി മനസിലാക്കിയ ശേഷമായിരിക്കും. നിലവിൽ 3,250 പേരാണ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ചികിത്സയിലുള്ളത്. 3,496 കിടക്കകളാണ് ഇവിടങ്ങളിലായുള്ളത്. ദിവസവും രോഗമുക്തരുണ്ടാകുന്നതിനാൽ കിടക്കകളുടെ കാര്യത്തിൽ വലിയ ബുദ്ധിമുട്ട് ജില്ലാഭരണകൂടത്തിന് ഉണ്ടാകുന്നില്ല.