ഇസ്ളാമാബാദ് : കൊവിഡും സാമ്പത്തിക മാന്ദ്യവും തര്‍ത്തെറിഞ്ഞ പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വെല്ലുവിളിയായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ടുള്ള പ്രതിപക്ഷ കക്ഷികളുടെ കൂടിച്ചേരല്‍ അടുത്തിടെ നടന്നിരുന്നു. പ്രമുഖ പ്രതിപക്ഷ നേതാക്കളായ നവാസ് ഷെരീഫ്, മറിയം നവാസ്, ബിലാവല്‍ ഭൂട്ടോ, ആസിഫലി സര്‍ദാരി എന്നിവര്‍ പങ്കെടുത്ത മീറ്റിംഗില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം ഉടന്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിരുന്നു. പെട്ടെന്നുണ്ടായ ഈ പടയൊരുക്കത്തിന് പിന്നില്‍ അയല്‍ രാജ്യമായ സൗദിയുടെ കരങ്ങളാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഒരു കാലത്ത് സൗദിയുടെ ആശ്രിത വാത്സല്യത്തില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന് കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ സൗദി അനുവദിച്ചിരുന്നു. ഇതില്‍ തിരിച്ചടയ്‌ക്കേണ്ടാത്ത എണ്ണവായ്പയായിരുന്നു ഏറെ പ്രധാനം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ അധികാരമേറ്റതോടെ പാകിസ്ഥാനുമായുള്ള സൗദിയുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. ചൈനയുമായുള്ള പാകിസ്ഥാന്റെ ബന്ധം ദൃഢമാകുന്നതിനും ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ ഈ കാലം സാക്ഷ്യം വഹിച്ചു. സാമ്പത്തിക സഹായവും, രാജ്യത്തെ നിര്‍മ്മാണ മേഖലയിലും ചൈനയുടെ സഹായം പാകിസ്ഥാന് വേണ്ടുവോളം ലഭിക്കുന്ന കാലമാണിത്. ഇന്ത്യാ വിരുദ്ധതയും ഈ ബന്ധത്തിന് വളമേകുന്നു.
കാശ്മീര്‍ വിഷയം
സൗദിയുമായും അറബ് രാജ്യങ്ങളുമായും പാകിസ്ഥാന്റെ ബന്ധം വഷളാക്കിയതിന് കാശ്മീരും ഹേതുവായി. കാശ്മീരിന് ഭരണഘടനയില്‍ അനുവദിച്ച് നല്‍കിയ പ്രത്യേക അധികാരം പിന്‍വലിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ ആദ്യം മുതല്‍ക്കേ പാകിസ്ഥാന്‍ എതിര്‍ത്തിരുന്നു. യു എന്‍ അടക്കമുള്ള ആഗോള വേദികളിലും ഈ വിഷയം പാകിസ്ഥാന്‍ ഉയര്‍ത്തിയെങ്കിലും അറബ് രാജ്യങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന അറബ് രാജ്യങ്ങള്‍ ഈ വിഷയത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിക്കാതിരുന്നതും, മലേഷ്യ, തുര്‍ക്കി തുടങ്ങി ഇസ്ളാമിക രാഷ്ട്രങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചതും പാകിസ്ഥാനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഇസ്ളാമിക ലോകത്ത് സൗദിയുടെ അപ്രമാധിത്വം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഇതൊരു അവസരമാക്കി മാറ്റുകയും ചെയ്തു.
ഇസ്ളാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ കാശ്മീര്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കുവാനും പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നു. ഈ ശ്രമങ്ങളില്‍ സൗദിയുടെ ഭാഗത്ത് നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നതില്‍ നിരാശനായതോടെ പാക് വിദേശകാര്യമന്ത്രി സൗദിക്കെതിരെ ഒരു ഘട്ടത്തില്‍ പരസ്യമായി നിലപാടെടുത്തു. ഇതോടെയാണ് ഇമ്രാന്‍ സര്‍ക്കാരിനെതിരെ വാളോങ്ങാന്‍ സൗദിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. പാക് മുന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന് സൗദിയുമായുള്ള ബന്ധവും പരസ്യമായ രഹസ്യമാണ്. ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുവാനുള്ള പാക് പ്രതിപക്ഷ കൂട്ടായ്മയുടെ ശ്രമങ്ങളും, വ്യത്യസ്ത ചേരികളിലുള്ള പാര്‍ട്ടികളെ ഒന്നിപ്പിക്കുവാനുള്ള നീക്കങ്ങള്‍ നടത്തിയതിന് പിന്നില്‍ സൗദിയുടെ കരങ്ങളാണെന്ന് വിശ്വസിക്കുവാന്‍ നിരവധി കാരണങ്ങളാണുളളത്.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പാകിസ്ഥാനില്‍ നിലം പൊത്തിയാല്‍ അത് ചൈനയെ സംബന്ധിച്ച് വന്‍ തിരിച്ചടിയാവും ഉണ്ടാവുക. ഇറാനടക്കമുള്ള രാജ്യങ്ങളുമായി ചൈന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് പാക് മണ്ണിലൂടെയുള്ള ഇടപെടല്‍ ചൈനയ്ക്ക് ആവശ്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ചൈനയുടെ പാവ സര്‍ക്കാരായ ഇമ്രാന്‍ ഖാന്‍ ഭരണം അവിടെ തുടരേണ്ടത് ചൈനയ്ക്ക് പ്രധാനമാണ്. ചൈനയുമായി പാകിസ്ഥാന് ഇപ്പോഴുള്ള ബന്ധവും സൗദിയെ അലോസരപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇറാനുമായി ചൈന ധാരണയുണ്ടാക്കിയാല്‍ എണ്ണവിപണിയിലുണ്ടാവുന്ന മാറ്റങ്ങളും, തുര്‍ക്കിയുമായി ചൈനയ്ക്കുള്ള സാമ്പത്തിക ബന്ധങ്ങളും ഇതിന് കാരണമാണ്.
രാജ്യത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് തെരുവിലിറക്കുകയും ദുര്‍ബലമായ ഘട്ടത്തില്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക് പാകിസ്ഥാന്‍ വീഴുകയും ചെയ്യാം. എന്നാല്‍ എന്ത് വിലകൊടുത്തും സര്‍ക്കാരിനെ നിലനിര്‍ത്തുവാന്‍ ചൈന ചെയ്യാവുന്ന സഹായങ്ങളെല്ലാം നല്‍കുമെന്നതും ഉറപ്പാണ്. ഭാവിയില്‍ ഇത് ചൈന സൗദി തര്‍ക്കമായി മാറുമെന്നും അതിന് പാകിസ്ഥാന്‍ വേദിയാകും എന്നും വിശ്വസിക്കുന്നവരുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നടക്കുന്നതെല്ലാം അനുകൂലമായ സംഭവങ്ങളാണ് എന്നത് ആശ്വാസകരമാണ്.