ഭൂമി പച്ചപ്പണിഞ്ഞ് കാണാൻ കൊതിച്ച് സ്വയം പച്ചക്കുപ്പായത്തിൽ കയറി ഹരിതസന്ദേശം നൽകാനായി തന്റെ ജീവിതകാലം മുഴുവൻ ചെലവിട്ട കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ: ശോഭീന്ദ്രൻ മാഷ് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
ഒരിക്കൽ ഞങ്ങൾ കുട്ടികൾ എല്ലാം ചേർന്ന് പടക്കം പൊട്ടിച്ചു കളിക്കുകയായിരുന്നു. പിരി പിരിയെന്നു പടക്കത്തിന് തീ പടർന്ന് കയറുന്നതോടെ ഞങ്ങൾ നാലു ഭാഗത്തേക്കും ചാടും, പിന്നെ ചങ്കിടിപ്പോടെ ചിലർ ചെവി പൊത്തും. അടുത്ത പടക്കത്തിന് തിരികൊളുത്തും മുമ്പ് അമ്മാവൻ വരുന്നത് ശ്രദ്ധയിൽ പെട്ടു. നടത്തത്തിന്റെ സ്വഭാവം കണ്ടപ്പഴേ എന്തോ പന്തികേട് തോന്നി. അമ്മാവൻ ഞങ്ങടെ നേർക്കാണ് വന്ന് ആ തിരിയും പടക്കവും കൈയിൽ വാങ്ങി. പിന്നെ പറഞ്ഞു, പടക്കം ഞങ്ങൾ മുതിർന്നവർ പൊട്ടിക്കാം നിങ്ങൾ കുട്ടികൾ നോക്കിയിരുന്നാ മതി. എന്താ പടക്കം പൊട്ട്യാ പ്പോരെ? ഇതും പറഞ്ഞ് അമ്മാവൻ തുരുതുരെ പടക്കത്തിന് തീ കൊളുത്തി. പക്ഷേ വിലക്കുകൾ പടക്കത്തിൽ മാത്രം ഒതുങ്ങിയില്ല, പുഴയിൽ കുളിക്കരുത്, മീൻ പിടിക്കരുത്, തുമ്പികളുടേയും കിളികളുടേയും പൂമ്പാറ്റകളുടേയും പിറകേ നടന്ന് സമയം കളയരുത്, കുട്ടികളുമായി കൂട്ടം കൂടി പാടത്തും പറമ്പിലും കറങ്ങി നടക്കരുത്, സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങരുത് .... അമ്മാവന്റെ വക്കത്തു നിൽക്കാൻ അച്ഛനും അമ്മയ്ക്കും ഒരു മടിയുമുണ്ടായിരുന്നില്ല. പുറം കാഴ്ചകൾ നിഷേധിക്കപ്പെട്ടവനായി , പ്രകൃതിയുടെ വിസ്മയങ്ങളിൽ നിന്ന് പറിച്ചുനടപ്പെട്ടവനായി രക്ഷിതാക്കളുടെ നിയന്ത്രണത്തിലായിരുന്നു എന്നും. മുതിർന്നവനായാൽ എല്ലാം തീരുമെന്ന് സ്വയം ആശ്വസിച്ചു."" ശോഭീന്ദ്രൻ മാഷ് വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു.
1974 ൽ ബാംഗ്ലൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതോടെയാണ് ആ നിയന്ത്രണങ്ങളെല്ലാം മാറുന്നത് . അത് ഒരു ജോലി മാത്രമായിരുന്നില്ല ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായിരുന്നു. സ്വന്തം കാലിൽ നിൽക്കുന്നു എന്ന് തന്നോടു തന്നെ പറഞ്ഞ് മുതിർന്നവനാവാനുള്ള വെമ്പൽ. ശോഭീന്ദ്രൻ അങ്ങനെ ശോഭീന്ദ്രൻ മാഷായി. അധികം വൈകാതെ ചിത്രദുർഗയിലെ ഒരു ഗ്രാമപ്രദേശത്തുള്ള കോളേജിലേക്ക് സ്ഥലംമാറ്റം. താമസം മൊളക്കാൽമുരു എന്ന തനി കുഗ്രാമത്തിൽ."" ജീവിതം മാറ്റിയ ആ കാലത്തെ അദ്ദേഹം ഓർത്തെടുക്കുന്നു.
അറിവ് പൂക്കുന്ന കർണാടക കുന്നുകൾ
ഒരു ഒഴിവു ദിവസം. ഏതോ ചിന്തയിലാണ്ടിരിക്കവേ രണ്ടുമൂന്ന് കുട്ടികൾ വീട്ടിൽ വന്നു, കോളേജിൽ താൻ പഠിപ്പിക്കുന്ന കുട്ടികൾ തന്നെ. അവർക്ക് മാഷിനെ ചില കാഴ്ചകൾ കാണിക്കാൻ കൊണ്ടു പോകണം. നമുക്ക് ആ കുന്നിൻ മുകളിൽ പോകാം സാറേ...അവിടെ നല്ല കാഴ്ചയാണ്. പോകുമ്പോൾ അവിടെയുള്ള ഓരോ കാര്യങ്ങളും കുട്ടികൾ ആവേശത്തോടെ പറയാൻ തുടങ്ങി. കർഷകർ മാത്രമേ ഉള്ളൂ ആ ഗ്രാമത്തിൽ. മുത്താറി, ചോളം, നിലക്കടല ഇവയുടെ കൃഷിയാണ് മിക്കയിടത്തും. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന കൃഷി ഭൂമിയിലൂടെ കാളവണ്ടികൾ നീങ്ങുന്നത് കാണാം. ആ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ മുഴുവൻ കാണാമായിരുന്നു. പിന്നീട് ഒഴിവുദിനങ്ങൾ ഉണ്ടായിട്ടില്ല. മാഷിനെ കുട്ടികൾ തീർത്തും സ്വന്തമാക്കി. രാവിലെ എത്തും മാഷിനെ കൂട്ടിക്കൊണ്ടുപോകാൻ, ചിറയിൽ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന കുളി, കാവ് , അമ്പലങ്ങൾ സന്ദർശനം. ചിലപ്പോൾ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം തരും. മറ്റു ചിലപ്പോൾ ഭക്ഷണം വീട്ടിലേക്കു കൊണ്ടുവരും. കുന്നിൻ മുകളിലെ രാത്രികാല ഉത്സവമൊക്കെ വല്ലാത്ത അനുഭവങ്ങളായിരുന്നു. നാട്ടിൻ പുറത്തിന്റെ നൈർമല്യവും കുട്ടികളുടെ സ്നേഹവും അവർ തന്ന നാട്ടുപഴങ്ങളോടൊപ്പം രുചിച്ചറിഞ്ഞു. പതുക്കെപ്പതുക്കെ മാഷ് അവിടുത്തെ ഒരാളാവുകയായിരുന്നു. എല്ലാത്തിനും മാഷ് വേണം, കല്യാണങ്ങൾക്ക്, ഉത്സവ കമ്മിറ്റിയിൽ, നാട്ടുസഭകളിൽ അങ്ങനെയങ്ങനെ. ആ കാലത്ത് ഒരു ദിവസം ഒരു ദിവസം പോസ്റ്റുമാൻ എത്തുന്നു, 'യു ആർ സെലക്ടഡ് ജോയിൻ ഇമ്മീഡിയറ്റ്ലി". കേരളത്തിലെ ഗുരുവായൂരപ്പൻ കോളേജിൽ ധനതത്വശാസ്ത്രം അദ്ധ്യാപകനായി നിയമനം. താൻ പഠിച്ച അതേ കോളേജിൽ നിന്ന്. കർണാടക ഗ്രാമത്തിൽ നിന്നുള്ള വേർപിരിയൽ ഒട്ടും എളുപ്പമായിരുന്നില്ല. യാത്രയയ്ക്കാൻ ഒരു ഗ്രാമം തന്നെ കൂടെ വന്നു.
കേരളത്തിന്റെ മണ്ണിലേക്ക്
മനസ് മാറാൻ ഒരുപാട് സമയം എടുത്തു. ഒന്നിനോടും ഇഷ്ടം തോന്നുന്നില്ല. കനത്ത മനസ്സുമായി ഗുരുവായൂരപ്പൻ കോളേജിൽ എത്തുന്നു. പക്ഷേ അവിടെ ലോകം വ്യത്യസ്തമാണ്. ചില പൊതുപ്രവർത്തന മണ്ഡലങ്ങൾ വഴി ഒത്തുചേരലിന്റെ ഒരു ഇടം സാദ്ധ്യമാകും എന്ന് മാഷിന് തോന്നി. കാമ്പസ് റിസർച്ച് സെന്റ്ർ എന്ന ഒരു പ്ലാറ്റ്ഫോം അതിനായി മാഷ് രൂപീകരിച്ചു. കുട്ടിക്കും അദ്ധ്യാപകനുമിടയിലെ അറിയായ്മാ വിടവ് പതിയെ അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി. ഗവേഷണാത്മക പഠനം എന്ന നിലയിലെ വിഷയങ്ങളായിരുന്നു ഇവർക്ക് നൽകിയിരുന്നത്. ആ പഠനരീതി തന്നെ സാമൂഹ്യ സമ്പർക്കം, ചെറിയ ഫീൽഡ് ട്രിപ്പുകൾ, അഭിമുഖം, സർവേ, റെഫറൻസ് ....തുടങ്ങി വ്യത്യസ്ത പഠന ഘട്ടങ്ങൾ വഴി കടന്നുപോകുന്നതായിരുന്നു. അധികം വൈകാതെ വെയിൽ തിളയ്ക്കുന്ന നൂറ് ഏക്കർ വരുന്ന മൊട്ടക്കുന്ന് കുളിര് കോരിയിടുന്ന തണൽ കുന്നാക്കി മാറ്റി. ജൈവികമായ ഇന്ദ്രിയ അനുഭവങ്ങളിലൂടെ കുളിർമയുടെ സാന്നിദ്ധ്യം അറിഞ്ഞ പക്ഷികളും പൂമ്പാറ്റയും തവളകളും പ്രാണികളും വിരുന്നുവരാൻ തുടങ്ങി. പച്ചച്ച് നിൽക്കുന്ന തണൽക്കാടും അതിൽ രൂപപ്പെട്ട ആവാസവ്യവസ്ഥയും സഹജീവികളുടെ സ്വാഭാവിക സാന്നിദ്ധ്യവും ക്യാമ്പസിനെ ത്രസിപ്പിച്ചു. ക്യാമ്പ് റിസർച്ച് സെന്റർ വീണ്ടും സർഗാത്മകമായി. കോഴിക്കോട് നഗരത്തിലേക്ക് വന്നുചേരുന്ന പ്രധാന വഴികളിൽ, പൊതു സ്ഥാപനങ്ങളിൽ, തെരുവുകളിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു. സംരക്ഷണത്തിനായി സ്ക്വാഡുകൾ രൂപീകരിച്ചു. പരിസ്ഥിതി പ്രവർത്തകരെ തേടിയുള്ള യാത്രകൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന ഇടങ്ങൾ സന്ദർശിക്കൽ, പ്രമുഖരുമായി അഭിമുഖം, പരിസ്ഥിതി സന്ദേശയാത്രകൾ... കുട്ടികളിൽ വലിയ മാറ്റത്തിന്റെ മുള പൊട്ടുന്നത് മാഷ് കണ്ടറിഞ്ഞു.
സമരങ്ങളുടെ കനൽവഴികളിലേക്ക്
കോഴിക്കോട് നഗരത്തിലെ ഫുട്പാത്തിലെ ചതിക്കുഴികൾ, അതു സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മാഷിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ശ്രദ്ധയിൽപ്പെട്ടു. റോഡിൽ തുറന്നുകിടക്കുന്ന നിശബ്ദ കെണികൾ സർവേ നടത്തി കണ്ടെത്തി. പിന്നെ എല്ലാ വഴികളും ചേർത്തുവച്ച് റോഡ് മാപ്പ് തയ്യാറാക്കി. അപകട സ്ഥലം ചുവപ്പു നിറം കൊണ്ട് അടയാളപ്പെടുത്തി ഭീമൻ മാപ്പാക്കി മാറ്റി നഗരത്തിലെ പലയിടത്തും ഒട്ടിച്ചു. അതോടെ നഗരത്തിൽ ഒരു ചലനമുണ്ടാക്കി. കോർപ്പറേഷനിലേക്ക് ഇരുപത്തിരണ്ട് ബാനറിനു കീഴിൽ അണിനിരന്ന വിദ്യാർത്ഥികളും പൊതുജനങ്ങളും നീങ്ങി. അന്തരീക്ഷത്തിലേക്കുയർന്ന ചുരുട്ടിപ്പിടിച്ച മുഷ്ടികളിൽ നിന്ന് തീപ്പൊരി ചിതറി. സമരച്ചൂടിലേക്ക് വിജയത്തിന്റെ മഴപെയ്തു. ഫലം ഉടൻ തന്നെ വന്നു. പൊട്ടിപ്പൊളിഞ്ഞ അഞ്ഞൂറ് സ്ലാബുകൾ ഉടൻ മാറ്റി പകരം വയ്ക്കാൻ ഉത്തരവായി. സമരത്തിന്റെ കനലണഞ്ഞില്ല. വീണ്ടും പോരാട്ടം തിളച്ചു കൊണ്ടേയിരുന്നു. മാലിന്യത്തള്ളലിന് വിധിക്കപ്പെട്ട ഞെളിയൻ പറമ്പിലേക്കായി ശ്രദ്ധ. കലാലയ വിദ്യാർത്ഥികൾക്കൊപ്പം ഒരു ജനത കൂടി ചേർന്ന പ്രക്ഷോഭത്തിന്റെ അല തട്ടിയപ്പോഴേക്കും അധികൃതർ വഴങ്ങി. ചർച്ചയ്ക്ക് ക്ഷണിച്ചു. മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ വഴികൾ പഠിച്ചുവന്ന മാഷും കുട്ടികളും എണ്ണിയെണ്ണി കാര്യങ്ങൾ നിരത്തി.
അറിവിന്റെ മഴനടത്തം
പ്രകൃതിയുടെ വിസ്മയങ്ങളും നിഗൂഢ ഭാവങ്ങളും പെയ്തിറങ്ങുന്ന മഴയിലൂടെ ഇന്ദ്രിയാനുഭവങ്ങളായി ഏറ്റുവാങ്ങുന്ന നനഞ്ഞറിയൽ യാത്രയാണ് മഴനടത്തം. 2002ലായിരുന്നു ഇങ്ങനെയൊരു മഴ നടത്തത്തിന് തുടക്കം കുറിച്ചത്. കോരിച്ചൊരിയുന്ന മഴയത്ത് വയനാട് ചുരത്തിലൂടെ അടിമുടി നനഞ്ഞ് നടക്കുക. പതിനാലു വർഷം മുമ്പ് യാത്ര തുടങ്ങിയ വേളയിൽ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരുമടക്കം ഏകദേശം അഞ്ഞൂറ് പേരാണ് പങ്കെടുത്തത്. ഇന്ന് പതിനായിരത്തിന് പുറത്തേക്ക് ആ സംഖ്യ ഉയർന്നു. മഴനനയൽ പോലെ പ്രകൃതിയുടെ സ്പർശനമേറ്റു വാങ്ങാനാകാതെ പാലും പഴവും പഠനവുമായി വാർപ്പുകെട്ടിടങ്ങളിൽ ഒതുക്കി നിർത്തപ്പെട്ട ബാല്യത്തിന്റെ ഉത്സവമാണ് മഴ നടത്തം.
കേരളം എങ്ങനെ ചിന്തിക്കണം
പ്രളയം വന്നപ്പോഴും അതിന്റെ ദുരന്തങ്ങളെ എങ്ങനെ സമർത്ഥമായി നേരിടാം എന്നേ നാം ചിന്തിക്കുന്നുള്ളൂ. ഇനിയൊരു ദുരന്തം വരാതിരിക്കാനുള്ള പാരിസ്ഥിതിക പ്രതിരോധ നടപടികൾ അത്ര ഗൗരവമായി എടുത്തു കാണുന്നില്ല. ഓരോ വീടും ഓരോ ഫാക്ടറി ആയി മാറട്ടെ. ഉത്പന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ വലിയ ചന്തകൾ ഉണ്ടാകണം, വലിയ പ്രദർശനശാലകൾ ഒരുങ്ങണം. നമ്മുടെ തോടും പുഴയും കായലും കടലും ഒക്കെ ഇത്തരം ഉത്പന്നങ്ങൾ വഹിക്കുന്ന പ്രകൃതിസൗഹൃദ ഗതാഗത മാർഗമാകട്ടെ. പുഴയോരവും കടലോരവും കൊച്ചുകൊച്ചു വ്യാപാരകേന്ദ്രങ്ങൾ ആവട്ടെ. അങ്ങനെ നന്മകൾ വിളയുന്ന പരിസ്ഥിതി സൗഹൃദ ഗ്രാമങ്ങൾ ഉണ്ടാവട്ടെ എന്നുമാണ് ശോഭീന്ദ്രൻ മാഷ് പറഞ്ഞവസാനിപ്പിക്കുന്നത്. ഈ ലോകം പച്ചപ്പണിഞ്ഞ് തുടുത്തു കാണാനുള്ള യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ മിക്കവാറും എല്ലാ പരിസ്ഥിതി സംഘടനകളിലും ഊർജം പകർന്നും ദിശാബോധം നൽകിയും മാഷ് സജീവമായി ഇന്നും നിലകൊള്ളുന്നു. പുതുതലമുറയിലേക്ക് ഒരു വിത്തു പാകാൻ ശ്രമിക്കൂ, ഒരുനാൾ മഴ വരാതിരിക്കില്ല. വാക്കുകൾ പൂർണമാക്കുമ്പോഴും എന്തോ മാഷിന്റെ കണ്ണുകൾ ഈറനണിയുന്നത് കാണാമായിരുന്നു.