കണ്ടാൽ സിമ്പിൾ ലുക്ക് തോന്നുന്ന ബ്രാൻഡഡ് വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എന്നാൽ ഇതാ ഒരു അൾട്രാ ' സിമ്പിൾ ' ലുക്ക് തരുന്ന വസ്ത്രത്തെ പരിചയപ്പെടുത്താം. ഇറ്റാലിയൻ ലക്‌ഷ്വറി ഫാഷൻ വസ്ത്ര ബ്രാൻഡായ ഗുചിയുടെ പുതിയ ഓഫർ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഫാഷൻ ലോകം. ഗുചിയുടെ പുതിയ ' കറ പുരണ്ട ' ഡെനിം ജീൻസും ഓവറോളുമാണ് വാർത്തകളിൽ നിറയുന്നത്. കറ പക്ഷേ, ഒറിജിനൽ അല്ല കേട്ടോ. കണ്ടാൽ കറ പിടിച്ചതും ശോകകരവുമായ ലുക്ക് കൃത്രിമമായി രൂപപ്പെടുത്തിയതാണ്.
' ഫാൾ വിന്റർ 2020 മെൻസ് കളക്ഷന്റെ ' ഭാഗമായാണ് ഗുചി പുതിയ കളക്ഷൻ അവതരിപ്പിച്ചിരിക്കുന്നത്. പുല്ലിനിടയിലേക്ക് ഒക്കെ വീഴുമ്പോൾ ഒരു തരം പച്ച കറ വസ്ത്രത്തിൽ ഉണ്ടാകാറില്ലേ. അതേ കറ തന്നെയാണ് ഗുചിയുടെ പുതിയ ഡെനിമിലുള്ളത്. അതും കാൽ മുട്ട് വരുന്ന ഭാഗത്ത് തന്നെ. ഈ ഡെനിമും ധരിച്ച് പുറത്തിറങ്ങിയാൽ ശരിക്കും എവിടെയോ വീണ മട്ട് തന്നെയാകും കാഴ്ചക്കാർക്ക് തോന്നുക.
പക്ഷേ, ലുക്ക് കണ്ട് വില കുറവായിരിക്കും എന്ന് കരുതിയെങ്കിൽ തെറ്റി. 1,400 ഡോളറാണ് ഈ ഡെനിമിന്റെ വില. അതായത് ഏകദേശം 1,02,958 രൂപ ! സ്റ്റാർട്ടിംഗ് റേഞ്ചിന്റെ വിലയാണ് ഇത്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഈ വസ്ത്രങ്ങൾ ഇറ്റലിയിലാണ് നിർമിച്ചിരിക്കുന്നത്. ഏതായാലും കറപുരണ്ട ഡെനിമിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.