joseph

മലയാളത്തില്‍ വന്‍ ഹിറ്റായ ചിത്രമാണ് ജോസഫ്. ജോജു ജോര്‍ജ്ജ് വിസ്മയപ്രകടനം കാഴ്ചവെച്ച, ഏറെ പ്രേക്ഷക- നിരൂപക പ്രശംസ കരസ്ഥമാക്കിയ ചിത്രത്തിന്റെ തമിഴ് പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. മലയാള ചിത്രം സംവിധാനം ചെയ്ത എം പത്മകുമാര്‍ തന്നെയാണ് തമിഴ് പതിപ്പും ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. വിചിത്തിരന്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.


ആര്‍.കെ സുരേഷാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള പതിപ്പിലെ ജോജു ജോര്‍ജ്ജിന്റെ ലുക്കിനെ ഓര്‍മ്മിപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ ആര്‍.കെ സുരേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശിവകാര്‍ത്തികേയനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.


ബി സ്റ്റുഡിയോസിന്റെ ബാനറില്‍ സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലേതു പോലെ തന്നെ ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് ആര്‍ കെ സുരേഷ് എത്തുന്നത്. ചിത്രത്തിന്റെ രണ്ട് ലുക്കുകള്‍ക്കായി സുരേഷ് കഠിനമായി വര്‍ക്കൌട്ട് ചെയ്ത് രൂപമാറ്റം വരുത്തിയിരുന്നു. ഒരു ലുക്കിനായി സുരേഷ് കുറച്ചത് മുപ്പത് കിലോയോളമാണ്. അതേസമയം മറ്റൊരു ലുക്കിനായി ഇരുപത് കിലോയോളം കൂട്ടുകയും ചെയ്തിരുന്നു. മധു ശാലിനിയും ഷംന കാസിമുമാണ് ചിത്രത്തിലെ രണ്ട് പ്രധാന നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.