dhoni-six

ഷാർജ : ഒന്നിനുമീതെ ഒന്നായി സിക്സർ മഴ പെയ്യുകയായിരുന്നു കഴിഞ്ഞ ദിവസം ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ. ഇരു ടീമുകളും കൂടി പറത്തിയത് 33 സിക്സുകൾ .ഇതിൽ പലതും സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലാണ് പതിച്ചത്. മഹേന്ദ്രസിംഗ് ധോണി പറത്തിയ ഒരു പടുകൂറ്റൻ സിക്സർ പതിച്ചത് സ്റ്റേഡിയത്തിനു പുറത്തെ റോഡിലും.ഈ പന്ത് സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ഒരു ആരാധകന് കിട്ടിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ധോണിയുടെ ഷോട്ടിനെ പിന്തുടർന്ന ക്യാമറയിലാണ് ആരാധകൻ പന്തുമെടുത്ത് സന്തോഷത്തോടെ പോകുന്ന ദൃശ്യം പതിഞ്ഞത്. ടോം കറാൻ എറിഞ്ഞ ചെന്നൈ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് പടുകൂറ്റൻ സിക്സർ പിറന്നത്.

മത്സരത്തിൽ ചെന്നൈ തോൽവി ഉറപ്പാക്കിയ ഘട്ടത്തിലായിരുന്നുതുടർച്ചയായി മൂന്നു പടുകൂറ്റൻ സിക്സറുകൾ ധോണി പറത്തിയത്. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെയും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും അർധസെഞ്ചുറികളുടെ കരുത്തിൽ രാജസ്ഥാൻ ചെന്നൈയ്‌ക്കു മുന്നിൽ ഉയർത്തിയത് 217 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിംഗിൽ 19 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 38 റൺസ്.

ഏതാണ്ട് അപ്രാപ്യമായ ഈ ലക്ഷ്യത്തിലേക്ക് ശാന്തമായി ബാറ്റു വീശിത്തുടങ്ങിയ ധോണി 20–ാം ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളാണ് സിക്സറുകളാക്കിയത്. ഇതിൽ രണ്ടാമത്തെ സിക്സാണ് സ്റ്റേഡിയത്തിനു പുറത്തെ റോഡിൽ പതിച്ചത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാണ് യു.എ.ഇയിൽ ഐ.പി.എൽ നടത്തുന്നത്.

ആ സിക്സറുകളുടെ ഗുണം ധോണിക്ക് മാത്രം

ചെന്നൈ തോൽവി ഉറപ്പാക്കിയ ഘട്ടത്തിൽ ധോണി തുടർച്ചയായി മൂന്ന് സിക്സുകൾ പായിച്ചതുകൊണ്ട് ടീമിന് ഒരു ഗുണവുമുണ്ടായില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ വിമർശനം. തന്റെ ബാറ്റിംഗ് മോശമായി എന്ന പരാതി ആരാധകരിൽ നിന്ന് ഉണ്ടാകാതിരിക്കാൻ മാത്രമാണ് അതുവരെ വമ്പൻഷോട്ടുകൾക്ക് ശ്രമിക്കാതിരുന്ന ധോണി സിക്സടിച്ചുകൂട്ടിയതെന്നും ഗംഭീർ പറഞ്ഞു.

ഉയർന്ന സ്കോർ ചേസ് ചെയ്യേണ്ട മത്സരങ്ങളിൽ ധോണി ബാറ്റിംഗ് ഒാർഡറിൽ താഴേക്ക് പോകുന്നത് ശരിയല്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഏഴാമനായാണ് ധോണി ബാറ്റിംഗിനെത്തിയത്.