മുംബയ് : മുംബയിൽ കാറിന്റെ ടയറിനുള്ളിൽ കുടുങ്ങിയ പത്തടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് പെരുമ്പാമ്പ് കാറിനുള്ളിൽ കുടുങ്ങിയത്. പാമ്പ് കുടുങ്ങിയതിനെ തുടർന്ന് പാമ്പിനെ കാണാൻ ആളുകൾ തടിച്ചു കൂടിയതോടെ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. പെരുമ്പാമ്പിനെ കാറിനുള്ളിൽ നിന്നും രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാറിന്റെ ടയർ ഇളക്കിയെടുത്താണ് പാമ്പിനെ രക്ഷപ്പെടുത്തിയത്.
In monsoon snakes can sneak into vehicles. Just be little careful. pic.twitter.com/C6mzWkZSLH
— Susanta Nanda IFS (@susantananda3) September 22, 2020
മുംബയ് പോലൊരു തിരക്കേറിയ നഗരത്തിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയെന്നത് ചിലർക്ക് വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല. ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പിനെ കണ്ട് വാഹനങ്ങൾ റോഡിൽ നിറുത്തിയത് ട്രാഫിക് ബ്ലോക്കിന് കാരണമായി. റോഡ് മുറിച്ച് കടന്ന ശേഷമാണ് പാമ്പ് റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ ടയറിനുള്ളിൽ കയറിയത്. രക്ഷപ്പെടുത്തിയ പാമ്പിന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അധികൃതരെത്തി താനെ ജില്ലയിലുള്ള കാട്ടിലേക്ക് വിട്ടു.