photo

കൊല്ലം: ഉദ്ഘാടനം കാത്തുകിടന്ന മീൻപിടിപ്പാറ ടൂറിസം പദ്ധതി കാടുമൂടുന്നു. ഇതോടെ പദ്ധതി പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമായി. കൊട്ടാരക്കര എസ്.ജി കോളേജിന് പിന്നിലായാണ് പ്രകൃതിയുടെ വേറിട്ട സൗന്ദര്യക്കാഴ്ചകളുള്ള മീൻപിടിപ്പാറ. പി.ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായാണ് ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ 46 ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണ ഭിത്തിയുൾപ്പടെ നിർമ്മാണം നടത്തിയിരുന്നു. രണ്ടാംഘട്ട നിർമ്മാണം 2019 മാർച്ച് 3ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയാണ് ഉദ്ഘാടനം ചെയ്തത്. 1.47കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് അനുവദിച്ചത്. ഇത് ഉപയോഗിച്ചാണ് പദ്ധതി ഒരുവിധം പൂർത്തിയാക്കിയത്. മാർച്ച് 25ന് ഉദ്ഘാടനം നടത്താനിരുന്നതാണെങ്കിലും കൊവിഡിനെ തുടർന്ന് മാറ്റിവച്ചു. പിന്നീട് ആരും ഇവിടേക്ക് തിരിഞ്ഞുനോക്കാതെ വന്നതോടെ പരിസരം മുഴുവൻ കാടുമൂടി. ഉപകരണങ്ങളിൽ ചിലത് സാമൂഹ്യ വിരുദ്ധർ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്തു. പാർക്കിലെ സിമന്റ് ബഞ്ചുകൾ പായൽ മൂടി. ഉദ്ഘാടനത്തെത്തുടർന്ന് പ്രദർശിപ്പിക്കാൻ സൂക്ഷിച്ചിരുന്ന മത്സ്യ ശില്പത്തിന്റെ മുഖംമൂടിയും വലിച്ചുകീറി നശിപ്പിച്ചു. സാമൂഹ്യ വിരുദ്ധർ സദാസമയവും ഇവിടെ തമ്പടിക്കുന്ന സ്ഥിതിയാണ്. കാമറ സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം.

കരാറുകാരെ ഏൽപ്പിക്കും

മീൻപിടിപ്പാറ ടൂറിസം പദ്ധതി ഉദ്ഘാടനത്തോടെ കരാറുകാരെ ഏൽപ്പിച്ച് നടത്തിക്കാനാണ് തീരുമാനം. ജീവനക്കാരെ നിയമിക്കുന്നതും നടത്തിപ്പും ഭക്ഷണക്കാര്യങ്ങളും ശുചീകരണവുമടക്കം കരാർ ഏറ്റെടുക്കുന്നവരുടെ ചുമതലയിൽ നടത്തും.

കൊട്ടാരക്കരയിലെ സൗന്ദര്യ വിസ്മയം

കൊട്ടാരക്കര പട്ടണത്തിന്റെ തൊട്ടരികിലാണ് മീൻപിടിപ്പാറ സ്ഥിതി ചെയ്യുന്നത്. പുലമൺ തോടിന്റെ ഉത്ഭവ സ്ഥാനമാണിവിടം. ഉയർന്നു നിൽക്കുന്ന പാറക്കല്ലുകളിൽ തട്ടിച്ചിതറിയൊഴുകുന്ന വെള്ളച്ചാട്ടം പ്രകൃതിയൊരുക്കിയ സൗന്ദര്യക്കാഴ്ചയാണ്. സഞ്ചാരികൾക്ക് വെള്ളത്തിൽ ഇറങ്ങി കുളിക്കാനും നീന്താനും സൗകര്യമുണ്ട്. പ്രകൃതി ഒരുക്കിയ ഈ സൗന്ദര്യങ്ങൾക്കൊപ്പമാണ് ടൂറിസം സാദ്ധ്യതകൾ കണ്ടുകൊണ്ടുള്ള വികസന പദ്ധതികളും പൂർത്തിയാക്കിയത്. കുട്ടികളുടെ പാർക്കും സഞ്ചാരികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും ടോയ്ലറ്റ് സംവിധാനങ്ങളും കല്ലുപാകിയ നടപ്പാതയും സംരക്ഷണ വേലിയും പുൽത്തകിടിയും റെയിൻ ഷെൽട്ടറും വ്യൂ ഡെക്കുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ശില്പങ്ങളും സ്ഥാപിച്ചു. ഇവയിലേക്ക് വെളിച്ചം വീശാൻ എൽ.ഇ.ഡി ലൈറ്റുകൾ ഉടൻ സ്ഥാപിക്കും. സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.

മൂന്നാം ഘട്ടത്തിൽ പൂർത്തിയാകും : പി.ഐഷാപോറ്റി എം.എൽ.എ

മീൻപിടിപ്പാറ ടൂറിസം പദ്ധതി കൊട്ടാരക്കരയുടെ വളരെക്കാലത്തെ പ്രതീക്ഷയാണ്. രണ്ടുഘട്ടങ്ങളിലായി ഏകദേശം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. മന്ത്രിയുടെ തീയതി കിട്ടുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തും. മൂന്നാം ഘട്ട നിർമ്മാണത്തിന് തുക അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതുകൂടിയാകുമ്പോൾ ടൂറിസം പദ്ധതി പൂർത്തിയാകും. പുലമൺ തോടുമായി ബന്ധപ്പെടുത്തിയുള്ള മറ്റ് വികസന പദ്ധതികളും നടപ്പാക്കും.