accident

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിലെ ഗവ. ആശുപത്രിയിൽ ഐ.സി.യുവിലേക്കുള്ള വൈദ്യുതി നിലച്ചതിനാൽ രണ്ട് കൊവിഡ് രോഗികൾ മരിച്ചു. വെങ്കിടേശപുരം സ്വദേശി കൗരവൻ (59)​,​ മുരുഗാനന്ദപുരം സ്വദേശി (67) എന്നിവരാണ് മരിച്ചത്. ​

വൈദ്യുതി നിലച്ചതോടെ ഓക്സിജൻ പമ്പുകൾ മൂന്ന് മണിക്കൂറോളം പ്രവർത്തിച്ചില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.

തുടർന്ന് ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധം നടന്നു. ആശുപത്രിയിലെ അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തിൽ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. വൈദ്യുതി നിലച്ചതോടെ ഐ.സി.യുവിലേക്കുള്ള കണക്ഷൻ കട്ടാവുകയും ഓക്സിജൻ സിലിണ്ടർ പ്രവർത്തിക്കാതാവുകയുമായിരുന്നു. ഇതേതുടർന്ന് രണ്ട് രോഗികൾ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

ആശുപത്രി അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ പരിശോധന നടത്തി.

"ആശുപത്രി വളപ്പിൽ പുതിയ മെഡ‌ിക്കൽ കോളേജിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി നിലച്ചത്. ഐ.സി.യുവിൽ പവർ ബാക്ക് അപ് ഉള്ളതിനാൽ ഒാക്സിജൻ വിതരണം തടസപ്പെട്ടില്ല.നിരവധി ഗുരുതരമായ അസുഖങ്ങൾ നേരിട്ടിരുന്ന രണ്ട് കൊവിഡ് രോഗികൾ ഈ സമയത്ത് മരിക്കാനിടയായി. ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ല."- കളക്ടർ കെ. വിജയകാർത്തികേയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൽ അനുശോചിച്ചു. ഐ.സി.യുവിൽ വൈദ്യുതി നിലച്ചതോടെ ഓക്സിജൻ ലഭിക്കാതെയാണ് രോഗികൾ മരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.