മുംബയ് : നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ ബോളിവുഡ് നടിമാരായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ( എൻ.സി.ബി ) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നടിമാർക്ക് അയച്ച സമൻസിൽ പറയുന്നത്. ഫാഷൻ ഡിസൈനർ സിമോൺ ഖംബട്ട, സുശാന്ത് സിംഗിന്റെ മാനേജർ ശ്രുതി മോദി എന്നിവരെയും ചോദ്യം ചെയ്യും.
രാകുൽ പ്രീത് സിംഗും സിമോൺ ഖംബട്ടയും ശ്രുതി മോദിയും നാളെ ഹാജരാകണം. ദീപിക 25നും ശ്രദ്ധയും സാറയും 26നുമാണ് ഹാജരാകേണ്ടത്. ശകുൻ ബത്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഗോവയിലാണ് ദീപിക ഇപ്പോൾ. ഇന്ന് രാത്രിയോ നാളെ രാവിലെയോ ദീപിക മുംബയിൽ എത്തുമെന്നാണ് വിവരം.
ദീപികയുടെ മാനേജർ കരിഷ്മയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. കരിഷ്മ മുമ്പ് ജോലി ചെയ്തിരുന്ന ടാലന്റ് ഹണ്ട് സ്ഥാപന സി.ഇ.ഒ ധ്രുവ് ചിറ്റ് ഗോപിക്കറും ഒപ്പമുണ്ടായിരുന്നു. നാലര മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തിരുന്നു. രണ്ടുപേർക്കും മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് എൻ.സി.ബി കണ്ടെത്തിയിരുന്നു. കരിഷ്മ, ദീപിക പദുക്കോണുമായി ഡ്രഗ് ചാറ്റ് നടത്തിയതിന്റെ വിവരങ്ങളും എൻ.സി.ബിയ്ക്ക് ലഭിച്ചിരുന്നു. തനിക്ക് ഹാഷ് വേണമെന്ന് ദീപിക കരിഷ്മയോട് ചാറ്റിൽ ചോദിച്ചിരുന്നു.
കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി എന്നിവരുൾപ്പെടെ എട്ടോളം പേർ അറസ്റ്റിലായിരുന്നു. റിയയുടെ മൊഴി പ്രകാരമാണ് ശ്രദ്ധ കപൂറിനെയും സാറാ അലി ഖാനെയും ചോദ്യം ചെയ്യുന്നത്. സുശന്തിന്റെ മുൻ ടാലന്റ് മാനേജർ ആയിരുന്ന ജയ സാഹയേയും എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. ജയയും കരിഷ്മയും നടത്തിയ ഡ്രഗ് ചാറ്റും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.