മുംബയ്: മയക്കുമരുന്ന് ലഭിക്കാനായി നടൻ സുശാന്ത് സിംഗ് രാജ്പുത് അടുപ്പമുള്ളവരെ ഉപയോഗപ്പെടുത്തിയിരുന്നുവെന്നും തന്നെയും സഹോദരനേയും ഈ രീതിയിൽ സുശാന്ത് ഉപയോഗിച്ചിട്ടുണ്ടെന്നും കാമുകിയും നടിയുമായ റിയ ചക്രവർത്തി ജാമ്യഹർജിയിൽ പറഞ്ഞു.
കേസിൽ റിയ സമർപ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന ഹർജി കനത്ത മഴമൂലം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
'സുശാന്ത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചത്. ലഹരിവസ്തുക്കൾ ലഭിക്കാനായി അദ്ദേഹം ജീവനക്കാരെയും ഉപയോഗിച്ചിരുന്നു. ലഹരിവസ്തുക്കൾ സിഗരറ്റിൽ ചേർത്ത് തന്റെ കിടപ്പുമുറിയിൽ വയ്ക്കണമെന്ന് സുശാന്ത് സഹായിയായ നീരജിനോട് ആവശ്യപ്പെട്ടിരുന്നു.
സുശാന്തിന്റെ മരണത്തിന് ശേഷം കിടപ്പുമുറിയിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് സൂക്ഷിച്ച കാലിയായ പെട്ടികൾ കണ്ടെടുത്തിരുന്നു. നീരജ് ഇതിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്.
താനുമായി പരിചയത്തിലാവുന്നതിന് മുമ്പ് തന്നെ സുശാന്ത് ലഹരി ഉപയോഗിച്ചിരുന്നു. കേദാർനാഥിന്റെ ചിത്രീകരണ സ്ഥലത്തുവച്ച് സിഗരറ്റിൽ കഞ്ചാവ് നിറച്ച് സുശാന്ത് വലിക്കാറുണ്ടായിരുന്നു. സുശാന്തും കുടുംബവും തമ്മിലുള്ള ബന്ധത്തിൽ നേരത്തേ തന്നെ പ്രശ്‌നങ്ങൾ ഉണ്ടെന്നും അദ്ദേഹം വിഷാദരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് സഹോദരി വീട് വിട്ട് പോയതെന്നും തനിക്കെതിരെ നിലവിൽ തെളിവുകളില്ലെന്നും" 47 പേജുള്ള ജാമ്യാപേക്ഷയിൽ റിയ ചൂണ്ടിക്കാട്ടി.
ഒക്ടോബർ 6നാണ് റിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കുക.