ലോസ്ആഞ്ചലസ് : കൊവിഡ് 19 ചൈനീസ് ഭരണകൂടത്തിന്റെ അധീനതയിലുള്ള വുഹാൻ ലാബിൽ നിർമിച്ചത് തന്നെയാണെന്നും കൊവിഡ് വ്യാപനം മറച്ചു വയ്ക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്കും വളരെ വലിയ പങ്കുണ്ടായിരുന്നു എന്നും വെളിപ്പെടുത്തി ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോകാരോഗ്യ സംഘടനയ്ക്കെതിരായ ലീയുടെ പ്രസ്താവന. കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച പറ്റിയെന്നാരോപിച്ച് അമേരിക്ക നേരത്തെ രംഗത്തെത്തിയിരുന്നു.
കൊവിഡ് പടർന്നുപിടിക്കുന്ന കാര്യം ചൈനീസ് ഭരണകൂടം മനഃപൂർവം മറച്ചുവച്ചതായി ലീ നേരത്തെ ആരോപണം ഉയർത്തിയിരുന്നു. കൊവിഡ് 19ന് കാരണക്കാരായ മാരക കൊറോണ വൈറസ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ നിന്നാണെന്ന് പറഞ്ഞ ലീ ഇതിനെ സാധൂകരിക്കുന്ന ഏതാനും പഠന റിപ്പോട്ടുകളും പുറത്തുവിട്ടിരുന്നു.
കൊവിഡിന് കാരണമായ സാർസ് - കോവ് - 2 ( SARS - CoV - 2 ) വൈറസിനെ ആറു മാസം കൊണ്ട് ലബോറട്ടിയിലെ അനുയോജ്യമായ അന്തരീക്ഷത്തിൽ സൃഷ്ടിച്ചതാണെന്ന് ലീ അവകാശപ്പെടുന്നു. SARS - CoV - 2 വൈറസ് ജീനോമിന്റെ അസാധാരണ സവിശേഷതകൾ വിരൽ ചൂണ്ടുന്നത് വൈറസിന്റെ പ്രകൃതി പരിണാമത്തിന് പകരം സങ്കീർണമായ ലബോറട്ടറി പരിണാമത്തിലേക്കാണ്. സാധാരണ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുമായി പൊരുത്തപ്പെടാത്ത ജൈവശാസ്ത്രപരമായ സവിശേഷതകൾ SARS - CoV - 2 വിന് ഉണ്ടെന്ന് ലീ ചൂണ്ടിക്കാട്ടുന്നു. വവ്വാലിൽ നിന്നും ശേഖരിച്ച ZC45 അല്ലെങ്കിൽ ZXC21 ഗണത്തിൽപ്പെട്ട കൊറോണ വൈറസുകളെ ഉപയോഗിച്ചാണ് SARS - CoV - 2 വൈറസിനെ ലബോറട്ടറിയിൽ നിർമിച്ചതെന്ന് ലീ പറയുന്നു.
വുഹാൻ വെറ്റ്മാർക്കറ്റിനെ വെറും പുകമറയായി ചൈന ഉപയോഗിക്കുകയാണെന്നും ഹോങ്കോങ്ങ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ മുൻ ഗവേഷകയായ ലീ ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ കൊവിഡ് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഹോങ്കോങ്ങ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞിരുന്നെന്ന് ലീ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഒരു റഫറൻസ് ലബോറട്ടറിയാണ് ഹോങ്കോങ്ങ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്ത്. തുടർന്ന് ജീവൻ അപകടത്തിലാണെന്ന് മനസിലായതോടെ ലീ ആരുമറിയാതെ ഹോങ്കോങ്ങിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും ഒളിച്ചോടുകയായിരുന്നു.