uae-covid-cases

അബുദാബി: യു.എ.ഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതോടെ ആശങ്കയും വര്‍ദ്ധിക്കുന്നു. ബുധനാഴ്ച മാത്രം 1,083 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മരണവും ഇവിടെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം തന്നെ രോഗമുക്തിയും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 970 പേരാണ് രോഗമുക്തി നേടിയത്.


യു.എ.ഇയില്‍ ഇതുവരെ ആകെ മരണസംഖ്യ 406 ആണ്. രാജ്യത്ത് ആകെ 87,530 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 76,995 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും പോകുകയും ചെയ്തു. നിലവില്‍ 10,129 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിന് പിന്നാലെ പരിശോധനാ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 1,03,199 പരിശോധനകളാണ് നടത്തിയിരിക്കുന്നത് എന്ന് യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

യു.എ.ഇയില്‍ ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ 21 ശതമാനം കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്ന് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ചയും കൊവിഡ് കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 674 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 761 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മരണനിരക്ക് എന്നത് 5.7 ശതമാനമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ ഏറ്റവുമധികം പരിശോധന നടത്തി എന്ന പ്രത്യേകതയും യു.എ.ഇക്ക് സ്വന്തമാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം 2 ദശലക്ഷത്തിലധികം പരിശോധനയാണ് നടത്തിയിട്ടുള്ളത്.


അതേസമയം, അബുദാബിയിലെ പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിക്കുന്നതായി രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍. യു.എ.ഇ ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങളില്‍ ട്രയല്‍ നടത്തിയ വാക്സിന്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍, ഇവരുടെ അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി. രോഗബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒത്തുകൂടലുകള്‍ അടക്കം ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.