മുംബയ്:കനത്ത മഴയെത്തുടർന്ന് മുംബയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ. ചൊവ്വാഴ്ച വൈകിട്ടാണ് മുംബയിൽ ശക്തമായ ശക്തമായ മഴ ആരംഭിച്ചത്. നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ ഇന്നലെ രാവിലെ പൊതുഗതാഗതം താറുമാറായി. ട്രെയിൻ ഗതാഗതമടക്കം പുനഃക്രമീകരിക്കേണ്ടി വന്നു.
ഗോൽ ടെമ്പിൾ, നാന ചൗക്ക്, മുംബൈ സെൻട്രൽ ജംഗ്ഷൻ, ജെജെ ജംഗ്ഷൻ, കല ചൗക്കി, ഭെണ്ടി ബസാർ തുടങ്ങിയവിടങ്ങിലെല്ലാം വെള്ളെക്കെട്ട് അനുഭവപ്പെട്ടിട്ടുണ്ട്. മുംബയിലെ സർക്കാർ സ്വകാര്യ ഓഫീസുകൾക്കെല്ലാം ഇന്നലെ അവധി നൽകി. ഹൈക്കോടതിയും പ്രവർത്തിച്ചില്ല.
വരും മണിക്കൂറിലും മുംബയിൽ കനത്ത മഴ തുടരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബയിലെയും താനെയിലെയും ചിലയിടങ്ങളിലും തീരപ്രദേശങ്ങളിലും യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.