ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളിൽ ആശങ്കാജനകമായ സാഹചര്യം നിലനിൽക്കുന്നു. കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും ബോധവത്ക്കരണം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെർച്വൽ കൂടിക്കഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് വെെറസ് ഫലപ്രദമായി തടയുന്നതിനായി രാജ്യത്ത് മെെക്രോ സോണുകൾ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മാസ്കുകളുടെ പ്രാധാന്യവും മോദി എടുത്തു പറഞ്ഞു. പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നും മോദി കൂട്ടിച്ചേർത്തു.വെെറസ് വ്യാപനം ചിലർ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്,കർണാടക,ഉത്തർപ്രദേശ്,തമിഴ്നാട്,ഡൽഹി,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നത്.രാജ്യത്ത് സ്ഥിരീകരിച്ച 63 ശതമാനം കൊവിഡ് കേസുകളും ഈ സംസ്ഥാനങ്ങളിൽ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.