അബുദാബി : ആദ്യ ഐ.പി.എൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റതിന്റെ നാണക്കേടിൽ നിന്ന് മുഖമുയർത്തിയ മുംബയ് ഇന്ത്യൻസ് രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 49 റൺസിന് കീഴടക്കി.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഒാവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് 146/9 എന്ന സ്കോറിലേ എത്താനായുള്ളൂ.
54 പന്തുകളിൽ മൂന്ന് ഫോറുകളും ആറ് സിക്സുകളുമടക്കം 80 റൺസടിച്ച നായകൻ രോഹിത് ശർമ്മയാണ് മുംബയ് ഇന്നിംഗ്സിലെ സൂപ്പർ താരം.സൂര്യകുമാർ യാദവ് 28 പന്തുകളിൽ 47 റൺസടിച്ച് ക്യാപ്ടന് മികച്ച പിന്തുണ നൽകി.കൊൽക്കത്തയ്ക്ക് വേണ്ടി ക്യാപ്ടൻ ദിനേഷ് കാർത്തിക്(30), നിതീഷ് റാണ (24), മോർഗൻ (16),കമ്മിൻസ് (33) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മുംബയ്ക്ക് വേണ്ടി ബൗൾട്ട്,പാറ്റിൻസൺ,ബുംറ,രാഹുൽ ചഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുംബയ്‌ക്ക് ഒാപ്പണർ ക്വിന്റൺ ഡി കോക്കിനെ രണ്ടാം ഒാവറിൽത്തന്നെ നഷ്ടമായിരുന്നു. എട്ടു റൺസാണ് അപ്പോൾ സ്കോർബോർഡിലുണ്ടായിരുന്നത്. ശിവം മാവിയെ ഉയർത്തിയടിച്ച ഡികോക്കിനെ നിഖിൽ നായ്ക്ക് പിടികൂടുകയായിരുന്നു. തുടർന്ന് ക്രീസിലൊരുമിച്ച രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 90 റൺസാണ് മുംബയ് ഇന്നിംഗ്സിന് അടിത്തറയിട്ടത്.
ആദ്യ മത്സരത്തിൽ മികച്ച സ്കോർ കണ്ടെത്താൻ കഴിയാതിരുന്ന രോഹിത് ഇന്നലെ സ്വന്തം ശൈലിയിൽ മിന്നിക്കയറി. കൊൽക്കത്ത ബൗളർമാരെ നാലുപാടും പായിച്ച രോഹിത് നേരിട്ട 39-ാമത്തെ പന്തിലാണ് അർദ്ധസെഞ്ച്വറിയിലെത്തിയത്. 11-ാം ഒാവറിൽ ടീം സ്കോർ 98ലെത്തിയപ്പോഴാണ് സഖ്യം പിരിഞ്ഞത്. 28 പന്തുകളിൽ ആറുഫോറും ഒരു സിക്സുമടിച്ച സൂര്യകുമാർ റൺഔട്ടാവുകയായിരുന്നു. തുടർന്നെത്തിയ സൗരഭ് തിവാരി 13 പന്തുകളിൽ ഒാരോ സിക്സും ഫോറുമടക്കം 21 റൺസുമായി 16-ാം ഒാവറിൽ കൂടാരം കയറി.
തുടർന്നിറങ്ങിയ ഹാർദിക് പാണ്ഡ്യ 17-ാം ഒാവറിൽ കമ്മിൻസിനെ രണ്ട് ഫോറും ഒരു സിക്സും പറത്തി സ്കോർ ഉയർത്തി. 18-ാം ഒാവറിലാണ് രോഹിത് പുറത്തായത്. ശിവം മാവിക്കെതിരെ സ്ട്രെയ്റ്റ് സിക്സിന് ശ്രമിച്ച രോഹിതിനെ കമ്മിൻസ് പിടികൂടുകയായിരുന്നു.ഇതോടെ മുംബയ് 177/4 എന്ന നിലയിലെത്തി. തുടർന്ന് കെയ്റോൺ പൊള്ളാഡ് മുംബയ് ഇന്ത്യൻസിനായി തന്റെ 150-ാമത് മത്സരത്തിനിറങ്ങി.അടുത്ത ഒാവറിൽ ഹാർദിക്ക് പാണ്ഡ്യ (18) ഹിറ്റ് വിക്കറ്റായി.
കൊൽക്കത്തയ്ക്കായി ബൗളിംഗ് ഒാപ്പൺ ചെയ്തത് മലയാളി പേസർ സന്ദീപ് വാര്യരാണ്.മൂന്നോവറിൽ 34 റൺസ് വഴങ്ങിയ സന്ദീപിന് വിക്കറ്റ് നേടാനായില്ല.ശിവം മാവി രണ്ട് വിക്കറ്റുകളും സുനിൽ നരെയ്ൻ , ആന്ദ്രേ റസൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.