vijayaraghavan

 കെ.എം മാണി ബാർ കോഴ ഇടപാട് നടത്തിയിട്ടില്ലെന്ന് സി.പി.എമ്മിന് ബോദ്ധ്യമുണ്ടായിരുന്നു

 നോട്ട് എണ്ണുന്ന മെഷീൻ ആരോപണം വെറും രാഷ്ട്രീയം, അതൊക്കെ തെറ്റാണെന്നും അറിയാമായിരുന്നു

 യു.ഡി.എഫിനെതിരായി ഒരു സമരം നടത്തുമ്പോൾ മാണിക്കെതിരെ അങ്ങനെയൊക്കെ പറയേണ്ടി വന്നു

 മാണിയെ ദുർബലപ്പെടുത്താൻ ഉമ്മൻചാണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നു ബാർകോഴ

തിരുവനന്തപുരം: ബാ‌ർ കോഴക്കേസിൽ കെ.എം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരെ യു.ഡി.എഫ് ഭരണകാലത്ത് പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം സമരം നടത്തിയതെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ 'ഫ്ളാഷി'നോട് വെളിപ്പെടുത്തി. അന്നത്തെ സമരം മാണിയെ ലക്ഷ്യമിട്ടായിരുന്നില്ല. യു.ഡി.എഫിനെതിരായിരുന്നു സി.പി.എം സമരം. അന്ന് മാണി യു.ഡി.എഫിൽ നിന്നതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിനെതിരെ സമരം നടത്തേണ്ടി വന്നത്. അദ്ദേഹം ബാർ കോഴ ഇടപാട് നടത്തിയിട്ടില്ലെന്ന് പാർട്ടിക്ക് ബോദ്ധ്യമുണ്ടായിരുന്നു. നോട്ട് എണ്ണുന്ന മെഷീൻ മാണിയുടെ വീട്ടിലുണ്ട് തുടങ്ങി ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു. അതൊക്കെ തെറ്റായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.

യു.ഡി.എഫിനെതിരായി ഒരു സമരം നടത്തുമ്പോൾ മാണിക്കെതിരെ അങ്ങനെയൊക്കെ പറയേണ്ടി വന്നു. അന്ന് മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളൊന്നും വ്യക്തിപരമായിരുന്നില്ല. മരിച്ചുപോയ ആളെപ്പറ്റി നല്ല കാര്യങ്ങളാണ് പറയേണ്ടത്. മാണി പോയതോടെ ബാർ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിച്ചു. കെ. കരുണാകരനെപ്പറ്റി ഞങ്ങൾക്ക് ഒരുപാട് ആക്ഷേപങ്ങളുണ്ടായിരുന്നു. പക്ഷേ, അതൊന്നും ഞങ്ങൾ ഇന്ന് പറയുന്നില്ല. കാരണം രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. എ.വിജയരാഘവൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

ഉമ്മൻചാണ്ടിയുടെ ഗൂഢാലോചന

ബാർ കോഴ എന്ന് പറഞ്ഞൊരു സംഭവമേ ഇപ്പോഴില്ല. അത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സംഭവമാണ്. ആ സർക്കാരിന്റെ സൃഷ്‌ടിയാണ് ബാർ കോഴ. ഉമ്മൻചാണ്ടിയാണ് ആ വിഷയങ്ങളൊക്കെ ഉണ്ടാക്കിയത്. മാണിയെ ദുർബലപ്പെടുത്താൻ ഉമ്മൻചാണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നു ബാർകോഴ. അദ്ദേഹത്തിന്റെ ഉത്പന്നമായിരുന്നു ആ കേസ്. മാണി എന്ന രാഷ്ട്രീയ നേതാവിനെ ദുർബലപ്പെടുത്തേണ്ടത് ഉമ്മൻചാണ്ടിയുടെ അജണ്ടയായിരുന്നു. മാണിയെ കുടുക്കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ ലക്ഷ്യം. മാണിയ്ക്ക് ശേഷം കേരള കോൺഗ്രസ് നിലനിൽക്കരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ആ പാർട്ടിയെ രണ്ട് പീസാക്കിയത് അതിന്റെ ഭാഗമായാണ്. ഉമ്മൻചാണ്ടിയടക്കം കോൺഗ്രസുകാരെല്ലാം കുബുദ്ധികളാണ്. മാണിയെ കുടുക്കാൻ അവർ എന്തെല്ലാമാണ് ചെയ്‌തതെന്ന് ഞങ്ങൾക്ക് പറയാനാകില്ല. മാണിക്കെതിരെ ഗ്രൂപ്പ് കളിച്ചും ഒറ്റുകൊടുത്തുമാണ് അവർ രാഷ്ട്രീയം നടത്തിയത്. കെ.എം മാണിയുടെ പിൻഗാമിയായ അദ്ദേഹത്തിന്റെ മകനെ ദുർബലപ്പെടുത്തുക എന്നതും കോൺഗ്രസ് ലക്ഷ്യമാണ്.

ജോസ്. കെ മാണി പരസ്യമാക്കട്ടെ

എല്ലാവരും ഒന്നിക്കുന്ന സമരമെന്ന നിലയ്‌ക്കാണ് ഇന്നലെ ജോസ്. കെ മാണി ഡൽഹിയിൽ ഇടത് എം.പിമാർക്ക് ഒപ്പം പ്ളക്കാർ‌ഡും പിടിച്ച് പങ്കാളിയായത്. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകർക്കപ്പെടുന്നുവെന്ന് കണ്ടപ്പോഴാണ് ജോസ് കെ. മാണി ഇടത് എം.പിമാർക്കൊപ്പം അണിചേർന്നത്. രാഷ്ട്രീയപാർട്ടികൾ കാര്യങ്ങൾ തീരുമാനിച്ചാലേ കൺവീനർ എന്ന നിലയ്‌ക്ക് എനിക്ക് ഇടപെടാൻ പറ്റുകയുളളൂ. അതുകൊണ്ട് തന്നെ മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ആദ്യം നിലപാട് പരസ്യമാക്കേണ്ടത് ജോസ്. കെ മാണിയാണ്. ഇതുവരെ ജോസ് വിഭാഗത്തിന്റെ ഔദ്യോഗിക തീരുമാനം ഞങ്ങളെ അറിയിച്ചിട്ടില്ല. അഭ്യൂഹങ്ങൾക്ക് അപ്പുറം ഔദ്യോഗികമായി അവർ താത്പര്യം പ്രകടിപ്പിക്കേണ്ടതുണ്ട്.

സി.പി.ഐയ്ക്ക് അവരുടെ നിലപാട്

ജോസിന്റെ തീരുമാനങ്ങളോട് പോസിറ്റീവ് സമീപനമാണ് ഞങ്ങൾക്കുളളത്. വിഷയങ്ങളിൽ അവർ സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹമാണ്. നിയമസഭയിൽ അവിശ്വാസ പ്രമേയത്തിന്റെ ഘട്ടത്തിലും ഇപ്പോൾ പാർലമെന്റിലും അവരെടുത്ത രാഷ്ട്രീയ നിലപാട് വലിയൊരു സംഭവമാണ്. മുന്നണിയിൽ ജോസിന്റെ വരവിനെപ്പറ്റി ചർച്ചകളൊന്നും നടന്നിട്ടില്ല. യു.ഡി.എഫിനെ ദുർബലപ്പെടുത്താനാണ് മുന്നണിക്ക് പൊതുവെ താത്പര്യമുളളത്. അത്തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. അത് മുന്നണിയുടെ പൊതു സമീപനമാണ്. സി.പി.ഐയ്ക്ക് അവരുടേതായ നിലപാടുകൾ ഉണ്ടാകും.

ഞങ്ങൾ ആഗ്രഹിക്കുന്നത്

ജോസ്. കെ മാണി എൽ.ഡി.എഫിൽ വരുന്നതോടെ യു.ഡി.എഫ് ദുർബലപ്പെടും. ഞങ്ങൾ ആഗ്രഹിക്കുന്നതും അതാണ്. ദുർബലപ്പെടേണ്ട രാഷ്ട്രീയ ചേരിയാണ് യു.ഡി.എഫ്. തുടർഭരണം എൽ.ഡി.എഫ് ലക്ഷ്യമാണ്. യു.ഡി.എഫിലെ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷി അവരുമായുളള ബന്ധം ഉപേക്ഷിച്ചിരിക്കുന്നു എന്നത് കേരളത്തിലെ വലിയൊരു രാഷ്ട്രീയ സംഭവമാണ്. ദുർബലപ്പെട്ട യു.ഡി.എഫ് ഇപ്പോൾ ബി.ജെ.പിയുമായി സൗഹൃദത്തിലേക്ക് പോവുകയാണ്.